നല്ലകാലം വിളിച്ചോതി നവകേരളം-2018 ഫ്ലാഷ് പ്ലേ 21-ന് പാലക്കാട്

സംസ്ഥാന സര്‍ക്കാരിന്റെ മികവുറ്റ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് സംഘടിപ്പിക്കുന്ന നവകേരളം-2018 പ്രദര്‍ശന-സേവന-വിപണന മേളയുടെ പ്രചരണാര്‍ത്ഥമുളള ഫ്ലാഷ് പ്ലേ നാളെ (മെയ് 21 ന് ) ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, പാലക്കാട് ബസ് സ്റ്റാന്‍ഡുകളില്‍ അവതരിപ്പിക്കും. ‘മെയ് 21 മുതല്‍ 27 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് മേള നടക്കുക. നാടൊട്ടുക്ക് നല്ല കാലം വറപ്പോറത്, നവകേരളം വന്തിരിക്ക്, എല്ലോര്‍ക്കും നല്ല കാലം, നല്ലകാലം’ പാലക്കാടിന്റെ നിരത്തുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കാക്കാത്തിയും അത്തറു ഹാജിയും മറിയാമ്മചേടത്തിയും വെളിച്ചപ്പാടും തമിഴകിയും ഒപ്പം നൃത്തസംഘവും ആടിയും പാടിയും അഭിനയിച്ചും ജില്ല മുഴുവന്‍ പ്രചാരണം നടത്തുന്നുണ്ട്.
ജില്ലയുടെ ഉള്‍ഗ്രാമങ്ങളില്‍ പോലും പാട്ടും നൃത്തവും നാടകവും കൂട്ടിയിണക്കിയ നവകേരളം 2018 ഫ്ലാഷ് പ്ലേയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനങ്ങള്‍ പൂര്‍ണമായി എങ്ങനെ ജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്ന ആശയമാണ് അവതരിപ്പിക്കുന്നത്. കൂററനാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, ആലത്തൂര്‍, വടക്കഞ്ചേരി നെന്മാറ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ ഫ്ലാഷ് പ്ലേ അവതരിപ്പിച്ചു കഴിഞ്ഞു.
രചനയും സംവിധാനവും നിര്‍വഹിക്കുന്നത് രവി തൈക്കാടാണ്.പഴമ്പാലക്കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് ട്രെയിനിങ്ങ് ഇന്‍സിസ്റ്റിറ്റിയൂട്ടിലെ 12 വിദ്യാര്‍ഥികളാണ് ഫ്ലാഷ്മോബ് അവതരിപ്പിക്കുന്നത്. കുടുംബശ്രീയുടെ ഭാഗമായ രംഗശ്രീയിലെ ലതാ മോഹനും സംഘവുമാണ് നാടകത്തിലെ അഭിനേതാക്കള്‍. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ,പൊതുമേഖലാസ്ഥാപനങ്ങള്‍,എന്നിവയുടെ സേവനങ്ങള്‍ മെയ് 21 മുതല്‍ 27 വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന തരത്തിലാണ് പ്രദര്‍ശനം സജ്ജമാക്കിയിട്ടുള്ളത്. മെയ് 21 ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാകും.എം.ബി രാജേഷ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.