ഇടുക്കി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘സ്വീപ്’ വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വണ്‍ ഇന്ത്യാ കൈറ്റ് ടീമും സംയുക്തമായി ഇടുക്കി ജില്ലയില്‍ ആദ്യമായി മൂന്നാറില്‍ കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 27, 28 തീയതികളില്‍ മൂന്നാര്‍ ഹൈ അള്‍ട്ടിറ്റിയൂഡ് ഗ്രൗണ്ടിലാണു പട്ടം പറത്തല്‍ നടത്തുന്നത്. വോട്ടിംഗ് രീതി പൊതുജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്ന സ്വീപ് (സിസ്റ്റമറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍) പരിപാടിയുടെ ഭാഗമായാണ് പ്രഥമ മൂന്നാര്‍ കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
സ്വീപ് മുദ്ര ആലേഖനം ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള നൂറോളം പട്ടങ്ങള്‍ നവ വോട്ടര്‍മാര്‍ വാനിലുയര്‍ത്തും. ഇടുക്കിയിലെ ടൂറിസം പ്രൊമോഷന്‍ പദ്ധതിയായ വിബ്ജിയോറുമായി കൈ കോര്‍ത്താണ് ജില്ലാ ഭരണകൂടം പ്രഥമ മൂന്നാര്‍ കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ഈ പദ്ധതിയുടെ മുദ്രാവാക്യമായ ‘ഓരോ വോട്ടും വിലപ്പെട്ടതാണ് – സമ്മതിദാനാവകാശം വിനിയോഗിക്കുക’ എന്ന ആശയത്തിലൂന്നിയാണ് പരിപാടി വിഭാവനം ചെയ്തത്.
ലോക പട്ടം പറത്തല്‍ മത്സരത്തില്‍ 2013 ഇല്‍ പരമ്പരാഗത വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ കഥകളി പട്ടമാണ് മുഖ്യ ആകര്‍ഷണം. വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള നിറപ്പകിട്ടാര്‍ന്ന ഇന്‍ഫ്‌ളാറ്റ്‌റബിള്‍ ടെക്നോളജി’യിലെ 15 ഭീമന്‍ പട്ടങ്ങളാണ് വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കലിന്റെ നേതൃത്വത്തില്‍ വാനില്‍ ഉയര്‍ത്തുന്നത്.