പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി പാലക്കാട് സിവില്‍ സ്റ്റേഷന്‍ മുറ്റത്ത് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രചരണത്തിന്റെ ഭാഗമായി പൂക്കളം തീര്‍ത്തു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി നിര്‍വഹിച്ചു.

വോട്ടവകാശമുള്ള മുഴുവന്‍ പൗരന്മാരും അവരുടെ മുഖ്യ പൗരാവകാശമായ സമ്മതിദാന അവകാശം തികഞ്ഞ ബോധ്യത്തോടെയും മുന്‍വിധികളില്ലാതെയും  സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ഐ.സി.ഡി.എസ് മേല്‍നോട്ടത്തില്‍ പാലക്കാട് നഗരസഭയിലെ അങ്കണവാടി അധ്യാപകരാണ് പൂക്കളം നിര്‍മ്മിച്ചത്. 35 കിലോയോളം പൂക്കള്‍ ഉപയോഗിച്ചാണ് സ്വീപ്പിന്റെ ലോഗോ ഉള്‍പ്പെടെയുള്ള പൂക്കളം നിര്‍മ്മിച്ചത്. പുത്തൂര്‍ സ്വദേശിയായ ഡിഗ്രി വിദ്യാര്‍ഥി മീര, പ്ലസ് ടു വിദ്യാര്‍ഥി സ്വപ്ന എന്നിവര്‍ ചേര്‍ന്നാണ്  സ്വീപ് ലോഗോയുടെ  മാതൃകയുള്ള  പൂക്കളം വരച്ചത്.

അങ്കണവാടി അധ്യാപകരായ ബിന്ദു, ചിന്ദു, രാജി, ഓമന, ശാന്തകുമാരി, കൃപ ഗീത എന്നിവര്‍ ചേര്‍ന്നാണ് മൂന്നുമണിക്കൂറു കൊണ്ട്  പൂക്കളം പൂര്‍ത്തിയാക്കിയത്. അസിസ്റ്റന്റ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ പി. മീര, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസര്‍ എസ്. ശുഭ എന്നിവര്‍ പങ്കെടുത്തു.