പാലക്കാട്: യുവജനങ്ങള്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനും നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി തിരഞ്ഞെടുപ്പ് ഓട്ടം സംഘടിപ്പിച്ചു.

വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കോട്ടമൈതാനി രക്തസാക്ഷി മണ്ഡപത്തില്‍ ഓട്ടം സമാപിച്ചു. തുടര്‍ന്ന് പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി. കായികതാരങ്ങള്‍, യൂത്ത് ക്ലബ്ബ് പ്രതിനിധികള്‍, യുവജനങ്ങള്‍ ഉള്‍പ്പെടെ 125 ലധികം പേര്‍ പങ്കെടുത്തു. സ്വീപ് നോഡല്‍ ഓഫീസറും നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം.അനില്‍കുമാര്‍ നേതൃത്വം നല്‍കി.