കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നിയോഗിച്ച ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ ജില്ലയില്‍ നിന്നും ഇതുവരെ നീക്കം ചെയ്തത് 42117 അനധികൃത പ്രചാരണ സാമഗ്രികള്‍. നിയമവിരുദ്ധമായി സ്ഥാപിച്ച  37893 പോസ്റ്ററുകള്‍, 1024 ബാനറുകള്‍, 2523 കൊടിതോരണങ്ങള്‍, 677 ചുവരെഴുത്ത് എന്നിവയാണ് ഇതുവരെയായി കണ്ടെത്തി നീക്കം ചെയ്തത്. കൂടാതെ പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ 39615 പരാതികള്‍ ഇതിനകം ലഭിച്ചു. അഴീക്കോട് 5632, ധര്‍മ്മടം 3034, ഇരിക്കൂര്‍ 2130, കല്ല്യാശ്ശേരി 5000, കണ്ണൂര്‍ 5337, കൂത്തുപറമ്പ് 3434, മട്ടന്നൂര്‍ 3078, പയ്യന്നൂര്‍ 1845, പേരാവൂര്‍ 3442, തളിപ്പറമ്പ് 2171, തലശ്ശേരി 4509 എന്നിങ്ങനെയാണ് സി വിജില്‍ ആപ്പില്‍ ലഭിച്ച പരാതികള്‍.  പരാതികളില്‍ സത്വര നടപടികള്‍  സ്വീകരിച്ചു.  തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസരങ്ങളിലും കണ്ടെത്തിയ പ്രചാരണ സാമഗ്രികളാണ് ആന്റീ ഡിഫെയ്സ്മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്.

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നോട്ടീസ് അയച്ചു. പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. വിശദീകരണം  48 മണിക്കൂറിനുള്ളില്‍ ഇലക്ഷന്‍ കമ്മീഷനെ രേഖാ മൂലം ബോധിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.
സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിനെതിരെ പേരാവൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തിയതിന് മേല്‍ അന്വേഷണം നടത്തുന്നതിന് ജില്ലാ കലക്ടര്‍ ജില്ലാ റൂറല്‍ എസ് പി ക്ക് കത്ത് നല്‍കി.

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് കെ കെ രാഗേഷ് എം പിക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി അവസാനിപ്പിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.  കെ കെ രാഗേഷ് എം പി പങ്കെടുത്ത പരിപാടി പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് നടന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.