കോട്ടയം: വോട്ടന്‍തുള്ളല്‍, വോട്ടുവണ്ടി, വോട്ടിംഗ് മെഷീന്റെ മാതൃകയിലുള്ള കേക്ക്, ഡോക്യുമെന്ററി, ചോദ്യോത്തര പരിപാടി… ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ ജനപങ്കാളിത്തം പരമാവധി ഉറപ്പിക്കുന്നതിന് കോട്ടയം ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടപ്പാക്കിവരുന്നത്.

സാക്ഷരതയിലെ നൂറു ശതമാനം വോട്ടിംഗിലും സ്വന്തമാക്കുന്നതിന് ലക്ഷ്യമിടുന്ന വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ(സിസ്റ്റമാറ്റിക്ക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി നഗരമുണര്‍ത്താന്‍ ഇന്ന്(മാര്‍ച്ച് 27) ബുള്ളറ്റുകളും നിരത്തിലിറങ്ങും.

ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ബുള്ളറ്റ് റാലി നഗരം ചുറ്റി നാഗമ്പടം സ്റ്റേഡിയത്തില്‍ സമാപിക്കും. സ്വീപ് വോളണ്ടിയര്‍മാരും ഭിന്നശേഷി വോട്ടര്‍മാരുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കുചേരും.

സ്വീപിന്റെ ഭാഗമായി ജില്ലയില്‍ തയ്യാറാക്കിയ വോട്ടന്‍തുള്ളല്‍ വീഡിയോയും ബൂത്ത് നമ്പര്‍ 18 എന്ന ഡോക്യുമെന്ററിയും ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റു ജില്ലകളിലും വോട്ടര്‍ ബോധവത്കരണത്തിനായി ഇവ ഉപയോഗിക്കുന്നുണ്ട്. ഈ മാസം 19 ന് ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വോട്ടു വണ്ടി നിയോജക മണ്ഡലങ്ങളില്‍ പര്യടനം തുടരുകയാണ്. പ്രധാന കേന്ദ്രങ്ങളില്‍ വാഹനം എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചുവരുന്നു.

സ്വീപ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും മറ്റു പൊതു സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്കായി നടത്തുന്ന തിരഞ്ഞെടുപ്പ് ചോദ്യോത്തര പരിപാടിയില്‍ ശരിയുത്തരം നല്‍കുന്നവര്‍ക്ക് സ്വീപ്പിന്റെ ലോഗോ പതിച്ച ഫേസ് മാസ്‌കുകളാണ് സമ്മാനമായി നല്‍കുന്നത്.

ജില്ലയിലെ വിവിധ കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരും ഇലക്ടറല്‍ ലിറ്ററസി ക്ലബ് അംഗങ്ങളുമാണ് സ്വീപ് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. നോഡല്‍ ഓഫീസര്‍ പ്രഫ. അശോക്
അലക്‌സ് ലൂക്ക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.