തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനവീയം വീഥിയില്‍ സംഘടിപ്പിച്ച എന്‍.സി.സി കേഡറ്റുകളുടെ റാലിയും ബാന്‍ഡും ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, എന്‍.സി.സി കേരള-ലക്ഷദ്വീപ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പി.കെ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും ഏപ്രില്‍ ആറിന് വോട്ട് ചെയ്യാനെത്തണമെന്നും തെരഞ്ഞെടുപ്പില്‍ യുവജനങ്ങളുടെയും കന്നിവോട്ടര്‍മാരുടെയും പിന്തുണ വളരെ വലുതാണെന്നും വിനയ് ഗോയല്‍ പറഞ്ഞു. പാങ്ങോട് ആര്‍മി ബാന്‍ഡിന്റെ അകമ്പടിയോടെ മാനവീയം വീഥി മുതല്‍ സെക്രട്ടേറിയറ്റ് വരെയാണ് റാലി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് നിരീക്ഷകരായ എച്ച്. അരുണ്‍കുമാര്‍, നരന്‍വാരെ മനീഷ് ശങ്കര്‍ റാവു, സ്വീപ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.