കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കാന്‍ഡിഡേറ്റ് സെറ്റിംഗ് പുരോഗമിക്കുന്നു. ഇന്നലെ(മാര്‍ച്ച് 28) ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തുടക്കം കുറിച്ച നടപടികള്‍ ഇന്ന് (മാര്‍ച്ച് 29)പൂര്‍ത്തിയാകും.

പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ അതേ കേന്ദ്രങ്ങളില്‍ വച്ചുതന്നെയാണ് കേന്ദ്ര നിരീക്ഷകന്‍റെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. അതത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കാണ് ചുമതല.

പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിനു മുന്‍പുള്ള അവസാന സജ്ജീകരണങ്ങളാണ് കാന്‍ഡിഡേറ്റ് സെറ്റിംഗിലുള്ളത്. സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവമുള്ള ലേബര്‍ ബാലറ്റ് യൂണിറ്റില്‍ വച്ച് ആകെ സ്ഥാനാര്‍ഥികളുടെയും നോട്ടയുടെയും ഒഴികെയുള്ള ബട്ടണുകള്‍ മറച്ചശേഷം സീൽ ചെയ്യും.

ഭാരത് ഇലക്ട്രോണിക്സിലെ എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ വിവിപാറ്റ് യന്ത്രങ്ങളില്‍ ബാറ്ററി ഇട്ട് വോട്ടു ചെയ്യുമ്പോള്‍ സ്ലിപ്പ് പ്രിന്‍റ് ചെയ്യുന്ന വിധത്തില്‍ സജ്ജമാക്കും. മൂന്നു യൂണിറ്റുകളും കണക്ട് ചെയ്തശേഷം ഓരോ സ്ഥാനാര്‍ഥിക്കും നോട്ടയ്ക്കും ഓരോ വോട്ടു വീതം ചെയ്ത് കണ്‍ട്രോള്‍ യൂണിറ്റിലെ ഫലവും വിവിപാറ്റിന്‍റെ പ്രവര്‍ത്തനവും കൃത്യമെന്ന് ഉറപ്പാക്കും. പരിശോധനയ്ക്കുശേഷം ഈ വോട്ടുകള്‍ ഡിലീറ്റ് ചെയ്യും. പരിശോധനാ വേളയില്‍ പ്രവര്‍ത്തന ക്ഷമമല്ലെന്ന് കണ്ടെത്തുന്ന യന്ത്രങ്ങള്‍ക്കു പകരം പുതിയ യന്ത്രങ്ങള്‍ വയ്ക്കും.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍കൂടി ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന അഞ്ചു ശതമാനം യന്ത്രങ്ങളില്‍ ആയിരം വോട്ടുകള്‍ വീതം ചെയ്ത് പുനഃപരിശോധന നടത്തും. ഇതിനുശേഷവും ഈ വോട്ടുകളും മായ്ച്ചുകളഞ്ഞ്, ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും വിവിപാറ്റും ഒന്നിച്ച് സ്ട്രോംഗ് റൂമിലേക്ക് മാറ്റും.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന മണ്ഡലങ്ങളിലെ കാന്‍ഡിഡേറ്റ് സെറ്റിംഗ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ വിലയിരുത്തി.