കാസർഗോഡ്: സംസ്ഥാനത്തെ ആദ്യ ബൂത്തുകള്‍ ഉള്‍പ്പെട്ട സ്‌കൂളില്‍ 39,96 വോട്ടര്‍മാര്‍. കുഞ്ചത്തൂര്‍ കുചിക്കട്ടിലെ സേസമ്മയും മകനും കുഞ്ചത്തൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു വോട്ട്. ഈ കുടുംബം കേരളത്തിലെ വോട്ടര്‍മാരായത് കേവലം ആറ് വര്‍ഷം മുന്‍പാണ്. അതുവരെ കര്‍ണാടക സംസ്ഥാനത്തായിരുന്നു, ഇവരുടെ വോട്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി കുഞ്ചത്തൂരില്‍ താമസമാക്കിയതോടെയാണ് ഇവര്‍ കേരളത്തില്‍ വോട്ട് ചെയ്ത് തുടങ്ങിയത്. ഈ കുടുംബത്തിലെ ഏഴ് അംഗങ്ങളും ഇത്തവണ വോട്ടു ചെയ്തു.

ഭാഷാ ന്യൂനപക്ഷ മേഖലയായ മഞ്ചേശ്വരം മണ്ഡലത്തിലെ കുഞ്ചത്തൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആറ് ബൂത്തുകളാണ് ഒരുക്കിയത്. ഒന്നാം നമ്പര്‍ ബൂത്തില്‍ 366 വോട്ടര്‍മാരാണ് ഉള്ളത്. ഇവിടെ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവരങ്ങളുമെല്ലാം കന്നഡ ഭാഷയില്‍ കൂടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വൈകുന്നേരത്തോട് അടുക്കുമ്പോള്‍ ഇവിടുത്തെ ബൂത്തുകളില്‍ 60 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തി.