പത്തനംതിട്ട: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പല്‍ സെക്രട്ടിമാര്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനും ബാനര്‍ പ്രദര്‍ശിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണം.

1) യാത്രയുമായി ബന്ധപ്പെട്ട്
10 വയസിന് താഴെയുള്ളവര്‍, 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. അവശ്യ വസ്തുക്കള്‍ വാങ്ങാനും, ജോലി സംബന്ധമായും മാത്രം പൊതുജനങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ അനുവാദം ഉണ്ട്.

2) സ്ഥാപനവുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യസേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ തുടങ്ങിയ എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ള സ്ഥാപനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സാമൂഹിക അകലം/ വിശ്രമിക്കാനുള്ള സൗകര്യം/ ടോക്കണ്‍ സൗകര്യം/ കൈകഴുകുന്നതിനുള്ള സൗകര്യം എന്നിവ ഏര്‍പ്പെടുത്തി പൊതു ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം.

3) അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട്
വ്യാപാരസ്ഥാപനങ്ങള്‍ക്ക് അകത്ത് ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തണം. ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്ക് ഇടയാക്കും.
സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹിക അകലം പാലിക്കുന്നതിനായി ക്യൂ സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങള്‍ (45 സെമി ഡയമീറ്റര്‍ സര്‍ക്കിള്‍) രേഖപ്പെടുത്തണം. ഈ അടയാളങ്ങള്‍ തമ്മില്‍ 150 സെമി അകലം ഉണ്ടായിരിക്കണം. കൂടാതെ സാനിറ്റൈസര്‍ / സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കും. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്‌സല്‍ സര്‍വീസ് മാത്രമേ അനുവദിക്കു.

4) മറ്റ് നിബന്ധനകള്‍
വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരാമാവധി 20 ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. അല്ലാതെ ജനങ്ങള്‍ ഒത്തു കൂടാന്‍ പാടില്ല.
യാതൊരുവിധ രാഷ്ട്രീയമോ സാംസ്‌കാരികമോ, മതപരമായതോ ആയ പ്രകടനങ്ങളോ വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഒഴികെയുള്ള കൂടിച്ചേരലുകളോ പാടില്ല.
കായിക കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍, എന്നിവ നിരോധിച്ചിരിക്കുന്നു.
കോവിഡ് രോഗ ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതില്‍ 80 ശതമാനം ആളുകളെ 72 മണിക്കൂറിനകം കണ്ടെത്തുന്നതിനും 14 ദിവസം ക്വാറന്റൈനില്‍ ആക്കുന്നതിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) നടപടിയെടുക്കണം. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ കൂടുതല്‍ ടെസ്റ്റിംഗ് ഏര്‍പ്പെടുത്തണം. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സിആര്‍പിസി 144 പ്രഖ്യാപിക്കുന്നതിനും നടപടിയെടുക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005, ഐപിസി സെക്ഷന്‍ 188 എന്നിവ പ്രകാരം ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കും. ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുന്‍സിപ്പല്‍ സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി, അതത് ഇന്‍സിഡന്റ് കമാന്റര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.