വയനാട്: ജില്ലയില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിനായി കണ്ടൈന്‍മെന്റ്- മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിറക്കി.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് വൈകീട്ട് അഞ്ച് വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി. മെഡിക്കല്‍ ഷോപ്പുകളില്‍ ഒരെണ്ണത്തിന് മാത്രമാണ് അഞ്ചിന് ശേഷവും പ്രവര്‍ത്തിക്കാന്‍ അനുമതി. ആശുപത്രി്ക്ക് സമീപമുള്ള മെഡിക്കല്‍ ഷോപ്പുകള്‍ക്കും ക്യാന്റീനുകള്‍ക്കും അഞ്ചിന് ശേഷവും പ്രവര്‍ത്തിക്കാം. കൃഷിക്ക് ആവശ്യമായ കടകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവര്‍ത്തിക്കേണ്ടത്. കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും നടത്തുന്ന സ്ഥാപനങ്ങള്‍ക്കു അഞ്ച് വരെ പ്രവര്‍ത്തിക്കാവുന്നതാണ്. പെറ്റ് ഷോപ്പിലെ ജീവികള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും നല്‍കുന്നതിന് മാത്രമായി തുറക്കാം.
ഭക്ഷണശാലകളില്‍ പാര്‍സല്‍ സര്‍വ്വീസ് മാത്രമാണ് അനുവദിക്കുക. അടിയന്തിര പ്രാധാന്യമില്ലാത്ത കാര്‍ഷിക പ്രവൃത്തികള്‍ രണ്ടാഴ്ച്ചത്തേക്ക് മാറ്റി വെക്കേണ്ടതാണ്. പ്രദേശത്ത് പൊതുഗതാഗതം അനുവദിക്കില്ല.
സ്വകാര്യ ആശുപത്രിയിലെ എല്ലാ ജീവനക്കാരും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടതാണ്. മുന്‍കൂര്‍ തീരുമാനിച്ച വിവാഹങ്ങള്‍ക്ക് മാത്രമാണ് അനുമതി. വിവാഹങ്ങളില്‍ 25 പേര്‍ മാത്രമേ പങ്കെടുക്കാവൂ. പങ്കെടുത്തവര്‍ വിവാഹ ശേഷം നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. ഇവര്‍ മറ്റുള്ളവരുമായി ഇടപെടുന്നില്ല എന്ന് ഉറപ്പാക്കണം. പാല്‍ സൊസൈറ്റികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഭരണം നടത്തേണ്ടതും ആയത് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും പോലീസും ഉറപ്പ് വരുത്തേണ്ടതുമാണ്.
*വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടക്കാന്‍ നിര്‍ദ്ദേശം*
കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും മെയ് 3 വരെ അടച്ചിടാനും വാഹനങ്ങളുടെ ഫിറ്റ്‌നെസ്സ് ടെസ്റ്റും ഡ്രൈവിംഗ് ടെസ്റ്റും നിര്‍ത്താനും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിര്‍ദ്ദേശം. ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7.30 വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ. ഹോട്ടല്‍, ബേക്കറി, തട്ടുകട എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിച്ച് പ്രവേശിപ്പിക്കാവുന്ന ഏറ്റവും കുറഞ്ഞ ആളുകളെ മാത്രമേ അനുവദിക്കാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കി.