കൊല്ലം: ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 2000 ഒക്‌സിജന്‍ സിലിണ്ടറുകളും ആവശ്യമായ കരുതല്‍ സംവിധാനങ്ങളും സജ്ജമാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിച്ചത്. ഹെല്‍പ്പ് ഡെസ്‌ക് സേവനങ്ങള്‍ കാര്യക്ഷമമാക്കണം എന്നും ഏപ്രില്‍ 30നകം മുഴുവന്‍ വാര്‍ഡുകളിലും ജാഗ്രതാസമിതികള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളും പങ്കുചേരണം എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഓക്‌സിജന്‍ ലഭ്യത, വാക്‌സിന്‍ വിതരണം, പരിശോധനകള്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് കൊടിക്കുന്നില്‍ സുരേഷ് എം. പി. നല്‍കിയത്. വാര്‍ഡുതല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കണമെന്ന് കെ. സോമപ്രസാദ് എം. പി. നിര്‍ദേശിച്ചു.ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ ഘടിപ്പിച്ച കിടക്കകള്‍ സജ്ജമാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. എ. എം. ആരിഫ് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ തുടങ്ങിയവരും പങ്കെടുത്തു.