കൊല്ലം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ പഞ്ചായത്ത്-കെ.എം.എം.എല്ലിന്റെ സി. എസ്. ആര്‍. ഫണ്ട് എന്നിവ ഉപയോഗിച്ച് സജ്ജമാകുന്ന ശങ്കരമംഗലത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ സാങ്കേതിക ക്രമീകരണങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ ചവറ മണ്ഡലത്തിലെ നിയുക്ത എം. എല്‍. എ. ഡോ. സുജിത് വിജയന്‍ പിള്ള പങ്കെടുത്തു.

ജില്ലയിലെ കോവിഡ് പ്രാഥമിക, ദ്വിതീയ, ഡോമിസിലറി ചികിത്സാ കേന്ദ്രങ്ങള്‍ മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് എം. എല്‍. എ നിര്‍ദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലും ഒരുപോലെ വ്യാപിപ്പിക്കണമെന്നും എം. എല്‍. എ കൂട്ടിച്ചേര്‍ത്തു.മികച്ച സാങ്കേതിക സംവിധാനങ്ങള്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും ഉടന്‍ നിയമിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ ആശുപത്രികളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കുന്നത്തിനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത യോഗം വിലയിരുത്തി. ചികിത്സാ കേന്ദ്രത്തില്‍ സജീകരിക്കേണ്ട സാങ്കേതിക ക്രമീകരണങ്ങളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാധിക്കാത്തവിധമാകണം നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന് നിര്‍ദേശമുണ്ട്. ജില്ലയിലെ അഥിതിതൊഴിലാളികള്‍ക്ക് സപ്ലൈകോ വഴി ഭക്ഷ്യ കിറ്റ് ഉടന്‍ വിതരണം ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.