കൊല്ലം:   കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് തല സ്‌ക്വാഡ് പരിശോധനയില്‍ ഇന്ന് 10 കേസുകള്‍ക്ക് പിഴ ചുമത്തി. ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. ജില്ലയിലെ വിവിധ താലൂക്കുകളിലായി 199 കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തി.

പത്തനാപുരം താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി ബേബിയുടെ നേതൃത്വത്തില്‍ രണ്ടാലുംമൂട്, തലവൂര്‍, പറങ്കിമാംമുകള്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ എട്ടുപേര്‍ക്ക് താക്കീതു നല്‍കി.
കരുനാഗപ്പള്ളിയില്‍ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ 65 കേസുകള്‍ക്ക് താക്കീത് നല്‍കുകയും രണ്ട് പേര്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു.

പുനലൂരില്‍ തെന്മല, കുളത്തൂപ്പുഴ, ആര്യങ്കാവ് എന്നിവിടങ്ങളിലായി 18 മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുകയും താക്കീത് നല്‍കുകയും ചെയ്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ കുമാരി ഗീത, പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

കുന്നത്തൂരില്‍ തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 80 കേസുകള്‍ക്ക് താക്കീത് നല്‍കുകയും എട്ട് എണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു.
കൊട്ടാരക്കര ടൗണില്‍ 35 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 18 പേര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. തഹസില്‍ദാര്‍ ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുരേഷ് കുമാര്‍, ജി. അജേഷ് സെക്ടറല്‍ മജിസ്‌ട്രേറ്റ് അരുണ്‍ കെ. സോമന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

കൊല്ലത്ത് പള്ളിമുക്ക്, മേവറം, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയകൃഷ്ണന്‍ പരിശോധനയില്‍ പങ്കെടുത്തു.