എറണാകുളം  ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡൊമി സിലി കെയർ സെൻ്ററോ എഫ്എൽടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് അവലോകന യോഗത്തിലാണ് കളക്ടറുടെ നിർദേശം. ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതിനോടകം തന്നെ ഡിസിസികളും എഫ് എൽടിസികളും ആരംഭിച്ചിട്ടുണ്ട്. ഇനിയും ആരംഭിച്ചിട്ടില്ലാത്തവർ മൂന്ന് ദിവസത്തിനകം കോവിഡ് ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കണം.

ബിപിസിഎല്ലിൻ്റെ നേതൃത്വത്തിൽ റിഫൈനറി സ്കൂളിൽ തയാറാക്കുന്ന 500 ഓക്സിജൻ ബെഡുകൾക്കു പുറമേ 1000 ഓക്സിജൻ ബെഡുകൾ കൂടി സജ്ജമാക്കും. അഡ്ലക്സിൽ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്സുമാരെയും ഇരുന്നൂറ് ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. വിദേശ രാജ്യങ്ങളിൽ പഠിച്ച് നാട്ടിലുള്ളവർ, ഇൻ്റേൺസ്, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ സേവനവും ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്ടർമാരെ കൂടി ഉൾപ്പെടുത്താനുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്.

രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൂനമ്മാവിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളുടെ കേന്ദ്രം എഫ്എൽടിസിയാക്കി മാറ്റും. വടവുകോട് – പുത്തൻകുരിശ് പഞ്ചായത്ത്, ചെങ്ങമനാട്, പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകൾ ആരംഭിക്കുന്ന സി എഫ് എൽടിസികൾക്ക് യോഗം അനുമതി നൽകി.

തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലുകൾക്കായി എഫ്എൽടിസി ആരംഭിക്കുന്നതിന് കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തൊഴിലുടമകളും ഒരു കെട്ടിടം നൽകും.

കൊച്ചി കോർപ്പറേഷനിൽ ആകെ എട്ട് മൊബൈൽ ആംബുലൻസ് ക്ലിനിക്കുകളാണ് ആരംഭിക്കുന്നത്. ഇതിൽ രണ്ടെണ്ണം പ്രവർത്തനമാരംഭിച്ചു. അടുത്ത ആംബുലൻസ് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. കൊച്ചി സാമുദ്രികയിൽ 100 ഓക്സിജൻ ബെഡുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ജയിലുകളിൽ രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രത്യേക ബ്ലോക്കുകൾ എഫ് എൽടിസികളാക്കി മാറ്റും. ഇതു വഴി ജയിൽ വളപ്പിൽ തന്നെ കോവിഡ് രോഗികളെ ചികിത്സിക്കാനാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി വരികയാണ്. താലൂക്ക് ആശുപത്രികളിൽ നിന്ന് രോഗം കുറവാകുന്ന രോഗികളെ ഡിസിസികളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായി ഫോർട്ടുകൊച്ചി പണ്ഡിറ്റ് കറുപ്പൻ ഹാൾ, തൃപ്പൂണിത്തുറ ഒഇഎൻ തുടങ്ങിയ കേന്ദ്രങ്ങൾ സജ്ജമാണ്. സർക്കാർ നിർദേശ പ്രകാരം പനി ക്ലിനിക്കുകൾ കോവിഡ് ആശുപത്രിയായി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു.

ആലുവയിലെ അൻവർ എന്ന സ്വകാര്യ ആശുപത്രി കോവിഡ് ചികിത്സയ്ക്ക് അധിക നിരക്ക് ഈടാക്കിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിഎംഒ യോട് കളക്ടർ നിർദേശിച്ചു.