പെരുമ്പാവൂര്‍ വിഎംജെ ഹാളില്‍ അതിഥി തൊഴിലാളികള്‍ക്കായി സിഎഫ്എല്‍ടിസി/സിസിസി ആരംഭിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം 27 കോവിഡ് പോസിറ്റീവ് കേസുകള്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനു ശേഷം മെയ് 9 വരെ ആകെ 399 കേസുകളാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

ജില്ലയില്‍ തിങ്കളാഴ്ച 123 അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ), അസി. ലേബര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും വിവര ശേഖരണവും നടത്തി. ഇതുവരെ ആകെ 679 ക്യാമ്പുകളാണ് സന്ദര്‍ശിച്ചത്. തൊഴിലാളികളുടെ ആശങ്ക ദുരീകരിക്കുന്നതിനാവശ്യമായ പ്രചാരണം സംഘടിപ്പിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് പരിഹാരം കാണാവുന്നതാണെന്ന് അറിയിച്ചു.

തൊഴിലിടങ്ങളിലും ക്യാമ്പുകളിലും ഗുണനിലവാരമുള്ള മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സാനിറ്ററൈസറിന്റെ ഉപയോഗം സംബന്ധിച്ചും പൊതുവായ ശുചിത്വത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. തൊഴിലാളികള്‍ക്കാവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കണമെന്നും രോഗലക്ഷണമുള്ള തൊഴിലാളികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ 32537 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് മെയ് 10 വൈകിട്ട് 3 മണി വരെ ശേഖരിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുള്ളത്. വിവരശേഖരണവും അപ്‌ഡേഷനും തീരുമാനപ്രകാരം പൂര്‍ത്തീകരിക്കണമെന്ന് അസി. ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും പെരുമ്പാവൂര്‍ ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററിലും വരുന്ന അന്വേഷണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കി വരുന്നുണ്ട്.

തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റുകള്‍ ഭാഗികമായി അനുവദിച്ചുകിട്ടിയിട്ടുണ്ട്. വിതരണം ഉടന്‍ ആരംഭിക്കും.കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടിരുന്നത് മൂലം ആദ്യഘട്ടത്തില്‍ വിവരശേഖരണം നടക്കാതിരുന്ന കൊച്ചി ഒന്നാം സര്‍ക്കിള്‍ എല്‍ഒയുടെ അധികാര പരിധിയില്‍പ്പെട്ട വാതുരുത്തി പ്രദേശത്ത് വിവരശേഖരണം നടത്തി. ഇവിടെ കൂടുതല്‍ തൊഴിലാളികള്‍ താമസിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കൊച്ചി ഒന്നാം സര്‍ക്കിള്‍ അസി. ലേബര്‍ ഓഫീസറുടെ അപേക്ഷ പ്രകാരവും മറ്റ് അസി. ലേബര്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരവും 2000 കിറ്റുകള്‍ കൂടി അധികമായി അനുവദിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതിയോടെ സപ്ലെകോയ്ക്ക് അഭ്യര്‍ഥന നല്‍കിയിട്ടുണ്ട്.