സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്ന ലോക്ക് ഡൗണിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനായി കൊച്ചി സിറ്റി പോലീസ് പരിശോധനകൾ കടുപ്പിച്ചു. തിങ്കളാഴ്ച മാത്രം കൊച്ചി നഗരത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ 97 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 237 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 275 പേർക്കെതിരെയും പെറ്റികേസ് എടുത്തു. വിവിധ സ്റ്റേഷനുകളിലായി ലോക്ഡോൺ നിർദ്ദേശങ്ങൾ ലംഘിച്ച് 62 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്നവർക്കെതിരെ2005ലെ ദുരന്തനിവാരണ നിയമം 2020-ലെ പകർച്ചവ്യാധി ഓഡിനൻസ് കൂടാതെ ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസ് എടുക്കുന്നത്. ലോക് ഡൗൺ മൂലം കൊച്ചി സിറ്റിയിൽ ഒഴിഞ്ഞുകിടക്കുന്ന റോഡുകളിലൂടെ അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. സിസിടിവി വഴി കണ്ടെത്തിയവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള കേസുകളിൽ പെടുന്നവർക്ക് പാസ്പോർട്ട് ലഭിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതല്ല. ഇ- പാസിനു വേണ്ടി വളരെ അത്യാവശ്യക്കാർ മാത്രം അപേക്ഷിക്കേണ്ടതാണെന്നും സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു. അപേക്ഷയിൽ കാരണം എന്തെന്ന് വ്യക്തമായി ബോധിപ്പിക്കണം. വ്യക്തമായ കാരണങ്ങൾ ഇല്ലാത്ത അപേക്ഷകൾ നിരസിക്കും .അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും പോലീസ് പരിശോധന ശക്തമാക്കി. അവർക്ക് ആവശ്യമായ ഭക്ഷണവും മറ്റും ഉറപ്പുവരുത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.