കൊല്ലം:  ചവറ ശങ്കരമംഗലം സ്‌കൂളില്‍ കോവിഡ് ചികിത്സയ്ക്കു തുടങ്ങിയ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. 100 പേര്‍ക്കുള്ള ചികിത്സാ സൗകര്യം ലഭ്യമാണ്. 250 കിടക്കകള്‍ക്ക് കൂടി പിന്നാലെ സജ്ജമാക്കും.

സ്‌കൂള്‍ കോമ്പൗണ്ട്, കെ.എം.എം.എല്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായി 800 കിടക്കകള്‍ വീതം രണ്ടായിരത്തോളം പേര്‍ക്കുള്ള താല്‍ക്കാലിക ചികിത്സാ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ് എന്ന് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കെ.എം.എം.എല്‍ന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

ജില്ലാ പഞ്ചായത്തിനാണ് നടത്തിപ്പു ചുമതല. ചികിത്സയില്‍ കഴിയുന്നവര്‍ക്കെല്ലാം മരുന്ന്, ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത് രണ്ടു കോടി 50 ലക്ഷം രൂപ വകയിരുത്തി. മുഴുവന്‍ സമയ ഫ്രണ്ട് ഓഫീസ് സംവിധാനവും ഏര്‍പ്പെടുത്തി.