എറണാകുളം:  കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന വിദ്യാതീരം പദ്ധതിയിലേയ്്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അല്ലെങ്കില്‍ മുമ്പ് നീറ്റ്പരീക്ഷയില്‍ 40% മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ് ജില്ലാ ഓഫീസിലും ജില്ലയിലെ മത്സ്യഭവനുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫാറം ജൂണ്‍ അഞ്ചിനു മുമ്പ് ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476