പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 മുതല്‍ 20 വരെ ജില്ലയിലെ സഹകരണ സംഘങ്ങള്‍ വഴി ഹരിതം സഹകരണം പദ്ധതി നടപ്പാക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന സഹകരണ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും വകുപ്പ്തല ഉദ്യോഗസ്ഥന്‍മാരുടെയും യോഗം തീരുമാനിച്ചു. അഞ്ചു വര്‍ഷം അഞ്ചുതരം വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചാണ് സഹകരണ വകുപ്പ് ഹരിതം സഹകരണം പദ്ധതി നടപ്പിലാക്കുന്നത്. 2018-ല്‍ പ്ലാവ്, 2019 ല്‍ കശുവണ്ടി, 2020 ല്‍ തെങ്ങ്, 2021 ല്‍ പുളി, 2022 ല്‍ മാവ് എന്നിങ്ങനെയാണ് നട്ടുപിടിപ്പിക്കുക. ജില്ലയിലെ 200 സംഘങ്ങള്‍ വഴി അംഗങ്ങളും സംഘങ്ങള്‍ സ്വയവും മരങ്ങള്‍ വച്ചു പിടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5ന് തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടക്കും. വൈത്തിരി താലൂക്ക്തല ഉദ്ഘാടനം വടുവഞ്ചാല്‍ സര്‍വീസ് സഹകരണ ബാങ്കിലും സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഉദ്ഘാടനം അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിലും നടത്തും. യോഗത്തില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) വി മുഹമ്മദ് നൗഷാദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ കെ.ആര്‍.ശശികുമാര്‍, ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ പി.ഗോപകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ സജീര്‍, ഖദീജ, ജില്ലാ ബാങ്ക് കൃഷി ഓഫീസര്‍ ആശ ഉണ്ണി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) അബ്ദുള്‍ റഷീദ് സ്വാഗതം പറഞ്ഞു.
