* മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി വിലയിരുത്തി

മഞ്ചേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ആശുപത്രിയാക്കുമ്പോൾ അവിടെ സേവനം തേടുന്ന ഗർഭിണികൾക്കും മറ്റ് രോഗബാധിതർക്കും ജില്ലാ ആശുപത്രികളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും പ്‌രിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്താനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ ഐ.സി.യു ബെഡുകൾ, വെന്റിലേറ്ററുകൾ, ഓക്്‌സിജൻ സൗകര്യങ്ങൾ, ആവശ്യമായ സ്റ്റാഫ് തുടങ്ങിയ കാര്യങ്ങൾ മന്ത്രി വിലയിരുത്തി. ഗർഭിണികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളുടെ സേവനം തേടാം. ഗർഭിണികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ ഫീൽഡ് തലത്തിൽ ജെ.പി.എച്ച്.എൻ, ആശ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണം. ഓക്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ ജില്ല പര്യാപ്തമാണെന്നും ഓക്‌സിജൻ ലഭ്യത കൂട്ടുവാനായി ആശുപത്രികളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തുന്നതായും വിലയിരുത്തി.

കരുതൽ വാസകേന്ദ്രങ്ങൾ, പ്രാരംഭ ചികിത്സാ കേന്ദ്രങ്ങൾ എന്നിവയുടെ നടത്തിപ്പ്, കരുതൽ നിരീക്ഷണം, ലോക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളുടെ പാലനം, കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജില്ലയിലെ വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും മതമേലദ്ധ്യക്ഷൻമാരുടെയും പൂർണ്ണമായ സഹകരണം ഉറപ്പാക്കണം. കോവിഡ് വ്യാപനം കൂടുതലും ഉണ്ടായിട്ടുള്ളത് വീടുകളിൽ ആയതിനാൽ ഇതിനെ തടയാനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. യോഗത്തിൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന പ്രവർത്തന പദ്ധതി അവതരിപ്പിച്ചു.

അവലോകന യോഗത്തിൽ ആരോഗ്യ കുടുംബക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെകട്ടറി ഡോ.രാജൻ ഖോബ്രഗഡെ, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് ഡയറക്ടർ ഡോ. രത്തൻ ഖേൽകർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ ആർ. രമേശ്, ഡി.എം.ഇ.ഡോ. റംലാബീവി, ഡി.എം.ഒ. ഡോ.സക്കീന, ഡി.പി.എം., സംസ്ഥാനതല ഉദ്യോഗസ്ഥർ, ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.