കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചല്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഞ്ചല്‍ സി.എച്ച്.സിയിലേക്ക് 500 പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ്, മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍, പാരസെറ്റാമോള്‍ എന്നിവയടങ്ങുന്നതാണ് പ്രതിരോധ കിറ്റ്. കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് സി.എച്ച്.സിയില്‍ നിന്ന് പ്രതിരോധ കിറ്റ് നല്‍കും. 180 പള്‍സ്ഓക്‌സിമീറ്ററുകളും ലഭ്യമാക്കി. ജനകീയ ഹോട്ടലില്‍ നിന്നും നൂറിലധികം ആളുകള്‍ക്ക് നിത്യേന ഉച്ചഭക്ഷണം നല്‍കുന്നു.വാര്‍ഡുതല ജാഗ്രതാ സമിതികളുടെ മോണിറ്ററിംഗ് ഓഫീസര്‍മാരായി അധ്യാപകരെ നിയമിച്ചിട്ടുണ്ട്. ജാഗ്രതാസമിതികള്‍ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു വരികയാണെന്ന് പ്രസിഡന്റ് എസ്. ബൈജു പറഞ്ഞു.
കൊല്ലം കോര്‍പ്പറേഷന്റെ കീഴിലുള്ള സമൂഹ അടുക്കളകള്‍ക്കായി കൊല്ലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഓര്‍ത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപൊലിത്തയില്‍ നിന്ന് ഏറ്റുവാങ്ങി.
വെട്ടിക്കവലയില്‍ ഡി.സി.സി. ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വകയിരുത്തി. തലച്ചിറ യൂനുസ് പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ ഡി. സി.സി. പ്രവര്‍ത്തന സജ്ജമായി. 57 കിടക്കകളും അനുബന്ധ സൗകര്യങ്ങളും ആണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് കെ. ഹര്‍ഷ കുമാര്‍ പറഞ്ഞു.
കരീപ്ര ഗ്രാമപഞ്ചായത്തില്‍ ഗൃഹവാസ പരിചരണ കേന്ദ്രത്തിലുള്ളവര്‍ക്കും ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കൗണ്‍സിലിംഗ് ക്ലാസുകളും സമാശ്വാസ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരെ ഫോണില്‍ വിളിച്ച് സാന്ദ്വന സന്ദേശങ്ങളും ബോധവത്ക്കരണവും നല്‍കും. സഹായം ആവശ്യമുള്ളവര്‍ക്ക് 9446815186 നമ്പരില്‍ ബന്ധപ്പെടാം. ഓച്ചിറ ഗ്രാമപഞ്ചായത്ത് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി കൊല്ലം ജില്ലാ കലക്ടര്‍ക്ക് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശ്രീലത പ്രകാശ് എന്നിവര്‍ പങ്കെടുത്തു.