കോവിഡ് കാലത്ത്‌ അംശദായ കുടിശ്ശിക വന്നതു മൂലം പത്രപ്രവർത്തക / പത്രപ്രവർത്തകേതര പെൻഷൻ പദ്ധതി അംഗത്വം റദ്ദാകുകയും തുടർന്ന് തുക അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തവർക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങി.

കോവിഡ് 19 രോഗവ്യാപനം, ലോക്ക് ‍ഡൗൺ തുടങ്ങിയവ കാരണം 2020 മാർച്ച് മുതൽ ഏതെങ്കിലും കാലഘട്ടത്തിൽ ആറു മാസത്തിലധികം അംശദായം അടയ്ക്കാൻ സാധിക്കാതെ അംഗത്വം റദ്ദായവരിൽ, മൂന്ന് തവണയിൽ താഴെ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടവർക്കാണ് അവസരം.

ഇങ്ങനെയുള്ളവർ നിലവിൽ ചട്ടപ്രകാരമുള്ള പത്രപ്രവർത്തകരായി/ പത്രപ്രവർത്തകേതര ജീവനക്കാരായി ജോലി ചെയ്യുന്നവരാണെങ്കിൽ അത് തെളിയിക്കാൻ നിശ്ചിത രേഖകളും അപേക്ഷയും നൽകിയാൽ ഒറ്റത്തവണയായി 2021 ജൂൺ 30 വരെ 15% പിഴപ്പലിശ സഹിതം അംശദായം അടയ്ക്കാൻ അനുവദിച്ച് അംഗത്വം പുനഃസ്ഥാപിച്ചു നൽകുമെന്നു ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചു.

വിശദവിവരത്തിനു ഡയറക്ടറേറ്റിലോ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ ജില്ലാ ഇൻഫർമേഷൻ ഓഫീസിലോ ബന്ധപ്പെടുക.