അട്ടപ്പാടി ഷോളയൂര് പഞ്ചായത്തിന്റെ ഭാഗമായ ശിരുവാണി വനമേഖലയിലുള്ള ശിങ്കപ്പാറ (മുത്തിക്കുളം) കോളനിക്കാർക്ക് ഇന്റര്നെറ്റ് കണക്റ്റിവിറ്റിയെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. കോളനിയിലേക്ക് ഡിജിറ്റല് കവറേജും മൊബൈല് നെറ്റ്‌വര്ക്കും ഉറപ്പുവരുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിക്കുകയും ലീസ് ലൈന് കണക്ഷന് വിപുലീകരിക്കുന്ന ജോലികള് ബി‌.എസ്‌.എന്.എല്. പൂർത്തിയാക്കി കോളനിയില് വൈഫൈ റൂട്ടറുകള് സ്ഥാപിക്കുകയും ചെയ്തു.
കോളനികാർക്ക് അടിസ്ഥാന ആവശ്യങ്ങൾക്കായി ഷോളയൂരിലെത്താന് രണ്ടര മണിക്കൂർ യാത്ര ചെയ്യണം. ഇരുള വിഭാഗത്തിലെ 36 കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.
2021 ഫെബ്രുവരിയിൽ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായിരുന്ന അർജ്ജുൻ പാണ്ഡ്യൻ കോളനി സന്ദര്ശിച്ച വേളയിൽ വിദ്യാര്ത്ഥികള്ക്ക് അടിയന്തിരാവശ്യങ്ങള്ക്കും ഓണ്ലൈന് ക്ലാസുകൾക്കും ഇന്റര്നെറ്റ് കണക്ഷൻ ഉറപ്പാക്കാൻ കാടിന് പുറത്തുള്ള എസ് വളവ് വരെ അഞ്ച് കിലോമീറ്റര് നടക്കേണ്ട അവസ്ഥയാണെന്ന് മനസ്സിലാക്കി. ഇതിന് പരിഹാരമായാണ് ഇന്റർനെറ്റ് കണക്ഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.
മാര്ച്ച് മാസത്തിൽ വനം വകുപ്പ്, ശിരുവാണി ജലസേചന പദ്ധതി, പട്ടികവർഗ്ഗ വികസന വകുപ്പ്, ബി‌.എസ്‌.എന്.എല്. ഉദ്യോഗസ്ഥരുമായി സബ് കലക്ടര് യോഗം ചേരുകയും ആവശ്യമായ അനുമതി നല്കാമെന്ന് വനം വകുപ്പ് സമ്മതിക്കുകയും ചെയ്തു. തുടർന്ന് ശിരുവാണി ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ബി.എസ്.എന്.എല്. ലീസ് ലൈനില് നിന്നും കോളനിയിലേക്ക് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള സൗകര്യം വിപുലീകരിക്കാന് ശിരുവാണി ജലസേചന പദ്ധതി അധികൃതര് സന്നദ്ധത പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബി‌.എസ്‌.എന്.എല് ആക്ഷന് പ്ലാന് തയ്യാറാക്കി പദ്ധതി ആരംഭിച്ചത്.
പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ കോളനിവാസികള്ക്ക് ഇന്റര്നെറ്റ് ഉപയോഗിക്കാൻ കഴിയും. എല്ലാ സ്മാര്ട്ട് ഫോണുകളിലും ‘വൈഫൈ കോളിംഗ്’ ഓപ്ഷന് ഉപയോഗിച്ച് കോളുകള് വിളിക്കാനും സാധിക്കും. തുടക്കത്തില് വേഗത എട്ട് എം‌ബി‌പി‌എസ് ആയിരിക്കും, കൂടാതെ പത്ത് പേര്ക്ക് ഒരേ സമയം ഉപയോഗിക്കാനും കഴിയും.
നിലവില് ഇന്സ്റ്റാള് ചെയ്തിട്ടുള്ള സംവിധാനത്തിന്റെ പ്രവര്ത്തന പുരോഗതിയെ അടിസ്ഥാനമാക്കി വരും ദിവസങ്ങളില് സേവനം വിപുലീകരിക്കും. അംബേദ്കര് സെറ്റില്മെന്റ് പദ്ധതിക്ക് കീഴില് കോളനി വികസനത്തിനായി പട്ടികവര്ഗ്ഗ വികസന വകുപ്പ് മുഖേന ഒരു കോടി രൂപയുടെ പ്രവര്ത്തനങ്ങള് കോളനിയില് നിര്വഹിക്കുന്നുണ്ടെന്നും സബ് കലക്ടർ അറിയിച്ചു.