ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക നൈപുണ്യ ശില്പശാലകള്‍ ഉടന്‍ സംഘടിപ്പിക്കാന്‍ തീരുമാനമായി.  ഇതിന്റെ പ്രാരംഭ പരിപാടി എന്ന നിലയില്‍ കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നടന്നു.  എന്‍ജിനീയറിംഗ് കോളേജുകളില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍, ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയ ആധുനിക മേഖലകളില്‍ തൊഴില്‍ നൈപുണ്യം നല്‍കുന്നതിനുളള പരിശീലന പദ്ധതികള്‍ സംബന്ധിച്ച് യോഗത്തില്‍ സമീപന രേഖകള്‍ അവതരിപ്പിച്ചു.
സംസ്ഥാനത്തെ വിപുലമായ ഉന്നതവിദ്യാഭ്യാസ സംവിധാനം മികച്ച ബിരുദധാരികളെ തയ്യാറാക്കുന്നുണ്ടെങ്കിലും അഭ്യസ്തവിദ്യര്‍ക്കിടയിലെ തൊഴില്‍ നൈപുണ്യക്കുറവ് മൂലം വ്യാവസായിക  മേഖലയിലെ ഉയര്‍ന്ന തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.  ഈ കുറവ് പരിഹരിക്കാന്‍ എന്‍ജിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥികളെ ആധുനിക തൊഴില്‍ മേഖലകളില്‍ പരിശീലിപ്പിച്ച്  തൊഴില്‍ സജ്ജരാകുന്ന  സംരംഭമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നത്.  ഇതിനായി അസാപ്, കെ-ഡിസ്‌ക്, കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി, ഐ.സി.ടി അക്കാദമി ഓഫ് കേരള എന്നിവയുമായി സഹകരിച്ചുളള കര്‍മ്മ പദ്ധതി തയ്യാറാക്കും.
സംസ്ഥാനത്തുടനീളം ടെലിപ്രസന്‍സ് സംവിധാനത്തിലൂടെ മികച്ച പരിശീലനം നല്‍കാനായി ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് ആവിഷ്‌കരിച്ചിട്ടുളള സ്‌കില്‍ ഡെവലപ്‌മെന്റ് പ്‌ളാറ്റ്‌ഫോം ഫോര്‍ കേരള കോളേജുകളില്‍ നടപ്പിലാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പങ്കുചേരും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ഡോ. സജിഗോപിനാഥ്, ഐ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ് കുറുപ്പ്, കേരള ഐ.ടി ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡ് എം.ഡി എം.ജി. രാജമാണിക്യം, കേരള ടെക്‌നോളജിക്കല്‍ സര്‍വകലാശാല അക്കാദമിക് ഡീന്‍ ഡോ. ജെ. ശ്രീകുമാര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.പി ഇന്ദിരാദേവി, അസാപ് പരിശീലന വിഭാഗം മേധാവി ടി.വി. അനില്‍ കുമാര്‍, ഡോ. സുരേഷ് കെ (തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ്), ഡോ. വിജില്‍കുമാര്‍ വി.വി (ഇടുക്കി എന്‍ജിനീയറിംഗ് കോളേജ്) എന്നിവര്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു.  ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി റീത്ത എസ് പ്രഭ സ്വാഗതവും, അസാപ് സി.ഇ.ഒ ഹരിത വി കുമാര്‍ നന്ദിയും പറഞ്ഞു.