പ്രവേശനോത്സവ ഓര്‍മ്മകള്‍ക്കായി കുട്ടികള്‍ ഓര്‍മ മരം നടും
കാസർഗോഡ്: വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയില്ലെങ്കിലും മാറ്റു കുറയാതെ ഇത്തവണയും പ്രവേശനോത്സവം നടക്കും. പുത്തനുടുപ്പണിഞ്ഞ് കളിച്ചുല്ലസിച്ചു കൊണ്ട് വര്‍ണാഭമാകില്ലെങ്കിലും ഓണ്‍ലൈനായി രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കുചേരുന്നതോടെ വീടുകള്‍ ഒന്നാം തരത്തിലെ അക്ഷരമുറ്റങ്ങളായി മാറും. ഒന്നാം തരത്തിലേക്ക് പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ വീട്ടുമുറ്റത്ത് നാട്ടുമാവിന്‍ തൈകള്‍ നടും. മാഹാമാരിക്കാലത്തെ അടച്ചിടലില്‍ നിന്നും പ്രതീക്ഷയുടെ ലോകത്തിലേക്കുള്ള സൂചകമായി പുതുമുഴയില്‍ തൈകള്‍ തളിര്‍ത്തു വരും. നാളേക്കുള്ള നമ്മുടെ കരുതലാണ് പ്രകൃതിയെന്ന ആദ്യ പാഠം കുട്ടികള്‍ ഇതിലൂട ഹൃദിസ്ഥമാക്കും. പ്രകൃതിയോടുള്ള കരുതലാണ് മഹാമാരികള്‍ക്കെതിരെയുള്ള മികച്ച പ്രതിരോധമെന്ന സന്ദേശം കൂടിയാണ് ഇത്തവണത്തെ പ്രവേശനോത്സവം നല്‍കുക.
ഓര്‍മമരം നടല്‍ പദ്ധതി തന്നെയാണ് ജില്ലയിലെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത്. ആദ്യ വിദ്യാലയത്തിന്റെ ഓര്‍മ്മയ്ക്ക് പ്രീ സ്‌കൂള്‍ കുട്ടികളും ഒന്നാം ക്ലാസ്സുകാരും സ്വന്തംവീട്ടുമുറ്റത്ത് നാട്ടുമാവ് നടുകയും അതിന്റെ ചിത്രമെടുത്ത് അയക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിനും സ്‌കൂള്‍ തലത്തിനും പുറമേ ക്ലാസ്സ്തലത്തിലും വീട്ടുതലത്തിലും കൂടി പ്രവേശനോത്സവം നടക്കുന്നുവെന്നതാണ് ഇത്തവണത്തെ സവിശേഷത. സംസ്ഥാനതല പ്രവേശനോത്സവം കൈറ്റ്‌വിക്‌ടേഴ്‌സ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും. എല്ലാ സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും അത് കാണാനുള്ള സംവിധാനം ഉണ്ടാകും. ജൂണ്‍ ഒന്നിന് രാവിലെ 9.30 നുള്ള ഉപജില്ലാതല/സ്‌കൂള്‍ തല ഉദ്ഘാടനത്തിനുശേഷം 11 മണിക്കാണ് ക്ലാസ്സ്തല പ്രവേശനോത്സവം. ഗൂഗിള്‍മീറ്റ്, സൂം, വാട്‌സ്ആപ്പ് സംവിധാനങ്ങള്‍ വഴി ഓരോ ക്ലാസ്സിന്റേയും ഗ്രൂപ്പുകളിലാണ് പ്രവേശനോത്സവ പരിപാടികള്‍ നടക്കും.
ചെറിയ സ്‌കൂളുകളില്‍ സ്‌കൂള്‍ തലത്തില്‍ പ്രവേശനോത്സവവും വലിയ സ്‌കൂളുകളില്‍ ക്ലാസ്സ്തല പ്രവേശനോത്സവവും നടക്കും. രക്ഷിതാക്കളും കുട്ടികളും അധ്യാപകരുമായി പരിചയപ്പെടല്‍, കുട്ടികളുടെ കലാപരിപാടികള്‍, കോവിഡ് കാല അനുഭവങ്ങള്‍ പറയല്‍, മുതിര്‍ന്ന കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കും. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികളെ കൂടി പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാകും. കുട്ടികളുടെ കലാപരിപാടികള്‍ നേരത്തെ തയ്യാറാക്കി അവതരിപ്പിക്കുകയോ തല്‍സമയം അവതരിപ്പിക്കുകയോ ചെയ്യും. പ്രവേശനോത്സവ വേളയില്‍ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രദര്‍ശനവുമുണ്ടാകും. ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തിട്ടുള്ള എല്ലാ കുട്ടികളുടേയും വീടുകളിലേക്ക് മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശം അധ്യാപകര്‍ എത്തിച്ചിട്ടുണ്ട്. പ്രീസ്‌കൂളിലേയും ഒന്നാം ക്ലാസ്സിലേയും കുട്ടികളെ രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പരിചയപ്പെടുത്തും. കോവിഡ് മാനദണ്ഡം പാലിച്ച് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.പുഷ്പ അറിയിച്ചു. ഏഴ് ഉപജില്ലകളിലും നടക്കുന്ന പ്രവേശനോത്സവത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്‌സൗത്തിലും, എം.രാജഗോപാലന്‍ എം.എല്‍.എ കാടാങ്കോട്ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററിയിലും പ്രവേശനോത്സവത്തില്‍ പങ്കെടുക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട്, ജി.ഡബ്ല്യു.എച്ച്.എസ് പാണത്തൂര്‍, ജി.എച്ച്.എസ്.എസ് ചായ്യോത്ത് എന്നിവിടങ്ങളിലും അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അഡൂര്‍ ജി.വി.എച്ച്.എസ്.എസ്‌ലും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ എ.യു.പി.എസ് നെല്ലിക്കുന്നിലും എം.കെ.എം.അഷ്‌റഫ് എം.എല്‍.എ ജി.എച്ച്.എസ്.എസ് ബങ്കര മഞ്ചേശ്വരത്തും ജി.വി.എച്ച്.എസ്.എസ് കുമ്പളയിലും പ്രവേശനോത്സവത്തില്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ജി.വി.എച്ച്.എസ്.എസ് മടിക്കൈ(രണ്ട്)യിലും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ജി.എച്ച്.എസ്.എസ് പട്‌ലയിലും പ്രവേശനോത്സവത്തില്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സരിത.എസ്.എന്‍ ജി.എച്ച്.എസ്.എസ് കുണ്ടംകുഴിയിലും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ജി.വി.എച്ച്.എസ്.എസ്‌കാറഡുക്കയിലെയും പ്രവേശനോത്സവത്തില്‍ പങ്കെടുക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ജി.എല്‍.പി.എസ് മാവില കടപ്പുറത്തും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമീന ടീച്ചര്‍ ജി.എച്ച്.എസ്.എസ് ബങ്കര മഞ്ചേശ്വരത്തും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.എച്ച്.എസ്.എസ് പാക്കത്തും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ജി.എച്ച്.എസ്.എസ് ചായ്യോത്തും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ ജി.എല്‍.പി.എസ് കുഡ്‌ലുവിലും പ്രവേശനോത്സവത്തിന്റെ ഭാഗമാകും.