കാസർഗോഡ്: പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷയും പ്രത്യാശയുമായി ആഘോഷങ്ങളില്ലാതെ ഇന്ന് (ജൂണ്‍ ഒന്ന്) ലോക ക്ഷീരദിനം. കോവിഡ് പ്രതിസന്ധിയിലും ജില്ലയില്‍ പാലുല്പാദനത്തില്‍ 29 ശതമാനം വളര്‍ച്ച നേടാന്‍ നമുക്കായി. 2020 ഏപ്രില്‍ മാസത്തില്‍ ജില്ലയിലെ പ്രതിദിന പാല്‍ സംഭരണം 55,263 ലിറ്റര്‍ ആയിരുന്നു. 2021 ഏപ്രില്‍ മാസത്തില്‍ ജില്ലയിലെ പാല്‍ സംഭരണം 71,521 ലിറ്ററായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ പ്രതിദിന പാല്‍ സംഭരണം പരപ്പ ബ്ലോക്കിലാണ്. 42 ക്ഷീരസംഘങ്ങളിലൂടെ 22,577 ലിറ്റര്‍ ആണ് പരപ്പ ബ്ലോക്കിലെ പ്രതിദിന സംഭരണം
സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്ക് ഒപ്പം ലോക്ഡൗണില്‍ കൂടുതല്‍ കര്‍ഷകര്‍ ക്ഷീരമേഖലയിലേയ്ക്ക് എത്തിയതും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ക്ഷീരകര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി വായ്പ നല്‍കിയതും ക്ഷീരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി 2.65 കോടി രൂപ ക്ഷീരവികസനവകുപ്പിന്റെ പദ്ധതികള്‍ മുഖാന്തിരവും അഞ്ച് കോടി രൂപ ത്രിതല പഞ്ചായത്തുകള്‍ മുഖേനയും കഴിഞ്ഞ വര്‍ഷം ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കു വേണ്ടി ചെലവഴിച്ചു.
നിലവില്‍ 143 ക്ഷീരസംഘങ്ങളിലൂടെ 8610 ക്ഷീരകര്‍ഷകരാണ് ജില്ലയില്‍ പാല്‍ നല്‍കുന്നത്. ഇവരില്‍ 1959 ക്ഷീരകര്‍ഷകര്‍ക്ക് 9.6 കോടി രൂപയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയായി മുന്‍ വര്‍ഷം അനുവദിച്ചത്.കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പുതിയതായി മൂന്ന് ക്ഷീരസംഘങ്ങള്‍ രൂപീകരിക്കുകയും, പ്രവര്‍ത്തനരഹിതമായി കിടന്ന കളനാട് ക്ഷീരസംഘം പുനരുജ്ജീവിപ്പിച്ചു പ്രവര്‍ത്തനം തുടങ്ങാനും സാധിച്ചു. മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതി പ്രകാരം ജില്ലയില്‍ ആകെ 165 പശുക്കളെയും 24 കിടാരികളെയും വാങ്ങി.
ക്ഷീരമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍
ജില്ലാ പഞ്ചായത്ത് 1.15 കോടി രൂപ മില്‍ക്ക് ഇന്‍സന്റീവ് പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. കോവിഡാനന്തര ലോകത്തിലെ തൊഴില്‍ നഷ്ടത്തില്‍നിന്നും പ്രവാസികളെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രവാസി സംരംഭക ഗ്രൂപ്പുകള്‍ക്ക് മിനി ഡയറി ഫാം തുടങ്ങുന്നതിലേക്ക് ധനസഹായം നല്‍കുന്നു. ഇതിനായി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ക്ഷീരവികസനവകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീരസംഘങ്ങളില്‍ 2021 ഏപ്രില്‍ മാസത്തില്‍ പാലളന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ 50 കിലോയുള്ള ചാക്ക് ഒന്നിനു 400 രൂപയാണ് ക്ഷീരവികസനവകുപ്പില്‍ നിന്നും സബ്‌സിഡി നല്‍കുന്നത്. മില്‍മ ഫീഡ്‌സ് (മില്‍മ ഗോള്‍ഡ്) അല്ലെങ്കില്‍ കേരളാഫീഡ്‌സ് (എലൈറ്റ്) കാലിത്തീറ്റയാണ് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ക്ഷീരസംഘത്തില്‍ ഒന്നു മുതല്‍ 10 ലിറ്റര്‍ വരെ പാല്‍ നല്‍കിയ കര്‍ഷകര്‍ക്ക് രണ്ട് ചാക്ക് കാലിത്തീറ്റയും, 11 മുതല്‍ 20 ലിറ്റര്‍ വരെ പാല്‍ നല്‍കിയ കര്‍ഷകര്‍ക്ക് മൂന്നു ചാക്ക് കാലിത്തീറ്റയും 20 ലിറ്ററിനു മുകളില്‍ പാല്‍ അളന്ന കര്‍ഷകര്‍ക്ക് അഞ്ച് ചാക്ക് കാലിത്തീറ്റയുമാണ് നല്‍കുന്നത്. കൂടാതെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ഉല്പാദിപ്പിക്കുന്ന വിറ്റാമിന്‍ സപ്‌ളിമെന്റ് ആയ ഗോവിറ്റ് ചെലേറ്റെഡ്, ധാതുലവണമിശ്രിതം ആയ കാല്‍സാഗര്‍ എന്നിവയും ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. പുല്‍ക്കൃഷി വികസനപദ്ധതികള്‍, മില്‍ക്ക് ഷെഡ് വികസന പദ്ധതി, ക്ഷീരസംഘങ്ങളുടെ നവീകരണം, പാല്‍ ഗുണനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തുന്നുണ്ട്.