കാസർഗോഡ്: പുത്തിഗെ ഗ്രാമ പഞ്ചായത്തില്‍ 10 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന അനോടിപ്പള്ളം സംരക്ഷിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സിന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ വേലി, ഏക്കല്‍ നീക്കം ചെയ്യല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 5.0 കോടിയിലധികം ലിറ്റര്‍ സംഭരണശേഷിയുള്ള പള്ളത്തെ സമീപ ഭാവിയില്‍ ലോക ടൂറിസം മാപ്പില്‍ ഇടം നേടുന്ന തരത്തില്‍ മാറ്റി എടുകാന്‍ സാധിക്കും. ഇതിന്റെ ആദ്യപടിയായി പരിസ്ഥിതി ദിനത്തില്‍ 200 വൃക്ഷത്തൈകള്‍ നട്ട് പ്രദേശം ഹരിതാഭമാക്കുന്നു. വൃക്ഷതൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10.30 ന് എ.കെ.എം.അഷ്‌റഫ് എം എല്‍ എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബിബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ.സജിത്ബാബു, എച്ച്.എ.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.സജി, പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ എന്നവര്‍ ചടങ്ങില്‍ സംബന്ധിക്കും.