കോഴിക്കോട്: ജില്ലാ ഭരണകൂടം നടപ്പിലാക്കി വരുന്ന എഡ്യൂമിഷൻ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിദ്യാലയങ്ങളിൽ ‘ ഗോ ഗ്രീൻ ‘ പദ്ധതിക്ക് തുടക്കമിടും. കുട്ടികൾക്ക് പരിസ്ഥിതി പരിപാലനം, ഹരിതവൽക്കരണം, കുടുംബകൃഷി, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും അംഗീകാരങ്ങൾ നേടാനും പദ്ധതിയിലൂടെ അവസരം ലഭിക്കും.
‘പച്ചപ്പു നിലനിർത്താൻ ഒന്നിച്ചു മുന്നേറാം ‘, ‘പരിസ്ഥിതി ചിന്തയിലൂന്നിയ ലാളിത്യം ‘ വീട്ടിൽ നിന്ന് തുടങ്ങാം ‘ എന്നീ മുദ്രാവാക്യങ്ങളാണ് പദ്ധതി കുട്ടികൾക്കായി സമർപ്പിക്കുന്നത്.
പ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള കുട്ടികൾക്ക് പ്രവർത്തനങ്ങളിൽ പങ്കെടുക്കാം. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും വിദ്യാലയങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരവും പ്രശസ്തിപത്രവും ലഭിക്കും.
ജില്ലയിലെ പ്രൈമറി തലം മുതൽ ഹൈസ്കൂൾ തലം വരെ ഉള്ള വിദ്യാലയങ്ങളിലൂടെയാണ് പദ്ധതി. കോവിഡ് സാഹചര്യം പരിഗണിച്ച് വീടുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ.
കുട്ടിയും കുടുംബവും അടങ്ങുന്ന യൂണിറ്റായാണ് പ്രവർത്തനങ്ങൾ. ക്ലാസ് തലം, കുട്ടികളുടെ കുടുംബം, വിദ്യാലയം എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തനങ്ങൾ അവതരിപ്പിക്കാം.
ഓരോ വിദ്യാലയവും കേന്ദ്രീകരിച്ച് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ ബോധവൽക്കരണ ക്ലാസുകളും മറ്റു പിന്തുണ സംവിധാനങ്ങളും ഒരുക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൃഷിഭവനുകൾ, പ്രാദേശിക വിദഗ്ധർ എന്നിവയുടെ പിന്തുണയും സഹായവും പ്രയോജനപ്പെടുത്തും. ജില്ലാതലത്തിൽ ഇതിനായി വിവിധ ഏജൻസികളുടെ പിന്തുണ ഉറപ്പാക്കും.
കുട്ടികളുടെയും കുടുംബത്തിന്റെയും വിദ്യാലയങ്ങളുടെയും പ്രവർത്തനങ്ങൾ നമ്മുടെ കോഴിക്കോട് പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ, കലക്ടറുടെ ഫേസ്ബുക്ക് പേജ് വഴി പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും മാതൃകയായി അവതരിപ്പിക്കും.
കുട്ടികളിൽ കോവിഡ് പ്രതിസന്ധി തീർത്ത മടുപ്പും സംഘർഷവും കുറയ്ക്കുന്നതിനും വീടകങ്ങളിൽ വിരസത ഒഴിവാക്കുന്നതിനും ലഘു വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നിവ ലക്ഷ്യം വെച്ചാണ് പദ്ധതി. വീടും ചുറ്റുപാടുമുള്ള പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഇടപെടുക. ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ജൈവ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പരിസ്ഥിതി ചിന്തയിൽ ഊന്നിയ ലാളിത്യം പരിശീലിക്കുന്നതിനും പ്രയോഗിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ ശീലം പുലർത്തുന്നതിനും കൃഷി – പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കുടുംബത്തോടൊപ്പം കൃഷി പരിസ്ഥിതി പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്, കുടുംബം, വിദ്യാലയം എന്നീ തലങ്ങളിൽ കുട്ടികളുടെ പരിസ്ഥിതി കാർഷിക പ്രവർത്തനങ്ങളിൽ മികവുകൾ കണ്ടെത്തുന്നതിനും അംഗീകാരം നൽകുന്നതിനും പദ്ധതിയിലൂടെ സാധിക്കും.
പദ്ധതിയുടെ പ്രവർത്തനങ്ങൾ
1. അതിജീവനത്തിന് കുടുംബകൃഷി കുട്ടികളെ കൂട്ടി. (പ്രൈമറി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം)
വിദ്യാലയങ്ങൾക്ക് ഏറ്റെടുത്ത് നടത്താവുന്ന പ്രവർത്തനങ്ങൾ
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മീറ്റിങ്ങുകളും ബോധവൽക്കരണ പരിപാടികളും.
കൃഷി രീതികൾ, മാതൃകകൾ സംബന്ധിച്ച് വിദ്യാർഥികളുടെയും പ്രാദേശിക വിദഗ്ധരെയും ഉപയോഗപ്പെടുത്തി കുടുംബ മീറ്റുകൾ.
കാർഷികമേഖലയിലെ വിദഗ്ധരെ ഉപയോഗപ്പെടുത്തി ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും
കുടുംബകൃഷി തോട്ടവിള, പച്ചക്കറി കറി, വെർട്ടിക്കൽ ഗാർഡൻ, മത്സ്യകൃഷി,
സ്വയംപര്യാപ്ത കുടുംബങ്ങൾ
എളുപ്പത്തിൽ വളർത്താവുന്ന കൃഷി ഇനങ്ങളിൽ – കൂട്ടായ കൃഷി.
2. വീട് അധിഷ്ഠിത ഇ ജൈവവൈവിധ്യ പരിപാലന സംരക്ഷണ പ്രവർത്തനങ്ങൾ
(അപ്പർ പ്രൈമറി ഹൈസ്കൂൾ ക്ലാസ്സുകൾക്ക് )
വീട്ടുവളപ്പിലെ വൈവിധ്യം കണ്ടെത്തൽ സസ്യങ്ങളുടേയും ജന്തുക്കളുടെയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ. (പ്രിന്റ്, ഡിജിറ്റൽ )
ജൈവ വൈവിധ്യ ബോധവൽക്കരണ പരിപാടികൾ
3. കുടുംബാംഗങ്ങൾ ചേർന്നുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ
(നാടകങ്ങൾ, കൊറിയോഗ്രാഫി , പോസ്റ്റുകൾ / പെയിൻറിംഗ്, തുടങ്ങിയവ)
ഐ -നാച്വറലിസ്റ്റ് കുട്ടികൾ തനതായി ചെയ്യുന്ന ജൈവവൈവിധ്യ പ്രവർത്തനങ്ങളുടെ ഷോക്കേസിംഗ്, ഡിജിറ്റൽ സാമൂഹ്യ മാധ്യമങ്ങൾ, ഫേസ്ബുക്ക് പേജുകൾ, ബ്ലോഗുകൾ, ഡിജിറ്റൽ ആൽബങ്ങൾ, ജൈവവൈവിധ്യ പ്രവർത്തനങ്ങൾ.
5 പ്രോജക്റ്റുകൾ തയ്യാറാക്കൽ
ലഘു പ്രോജക്റ്റുകൾ – കണ്ടൽ സംരക്ഷണം, പ്രാദേശിക ജൈവവൈവിധ്യ ആവാസങ്ങൾ (കാവ്, മിനി ഫോറസ്റ്റ്, ജല ആവാസങ്ങൾ)
പ്രാദേശിക ഹരിതവൽക്കരണ പരിപാടികൾ (പുൽമേട് ഒരുക്കൽ, വഴിയോര ഉദ്യാനങ്ങൾ, തെറാപ്പി ഗാർഡനുകൾ), തനത് ഇന സംരക്ഷണ മാതൃകകൾ –
നാടൻ ഇനങ്ങളിൽപ്പെട്ട സസ്യങ്ങളുടെയും ജന്തുക്കളുടെയും പരിപാലനം, വിത്തു ശേഖരണവും നടീൽ തൈകൾ ഒരുക്കലും, കൃഷി ജൈവവൈവിധ്യ -ലഘു സംരംഭക പ്രവർത്തനങ്ങൾ എന്നിവ.
സ്കൂളിലെ താല്പര്യമുള്ള കുട്ടികൾ, ക്ലബ്ബുകൾ മുഖേനയാണ് ഗോ ഗ്രീൻ പ്രവർത്തനങ്ങൾ നടത്തുക. പദ്ധതിയുടെ ലക്ഷ്യങ്ങൾ, കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാലയ ക്ലാസ്സ് ഗ്രൂപ്പ് / മീറ്റുകളിലൂടെ അറിയിക്കണം.
ഓരോ സ്കൂളിലും 50-100 വരെ കുട്ടികളും അവരുടെ കുടുംബങ്ങളും ചേർന്ന ഗ്രൂപ്പുകളാണ് നല്ലത്. തന്നിരിക്കുന്ന പ്രവർത്തനങ്ങൾ മുഴുവനായോ, സാധ്യമായവ തെരെഞ്ഞെടുത്തോ കുട്ടികൾക്കും കുടുംബങ്ങൾക്കും ഏറ്റെടുക്കാം.
ഓരോ മാസവും വിദ്യാലയങ്ങൾ / ക്ലാസ്സ് / കുട്ടി / കുടുംബം സമർപ്പിക്കുന്ന റിപ്പോർട്ടിനനുസരിച്ച് അംഗീകാരവും ജില്ലാ ഭരണകൂടത്തിന്റെ സാക്ഷ്യപത്രവും നൽകും.