ആലപ്പുഴ: മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വീടുകളിലും പരിസരങ്ങളിലും ശക്തമാക്കണം. എലി, കൊതുക്, ഈച്ച തുടങ്ങിയ രോഗാണു വാഹകരായ ജീവികളുടെ വളര്‍ച്ച തടയല്‍ അനിവാര്യമാണ്. കിണറുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ നടത്തണം. വാട്ടര്‍ ടാങ്കുകള്‍ ഉരച്ചുകഴുകി വലയിട്ടു സൂക്ഷിക്കണം. വീടിനു പരിസരത്ത് വെളളം കെട്ടികിടക്കാനിടയുളള കുപ്പി, ചിരട്ട, പാള, വാഴപ്പോള, പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവ നീക്കം ചെയ്യുക. ടയറുകള്‍ വെളളം കെട്ടികിടക്കാത്ത വിധം സുരക്ഷിതമായി സൂക്ഷിക്കുക.

വേലി കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളുടെ താഴ്ഭാഗം മടങ്ങി വെളളം കെട്ടികിടക്കാത്ത വിധം വലിച്ചു കെട്ടുക. അങ്കോലച്ചെടിയുടെ കൂമ്പ് വെട്ടിമാറ്റുക. ചെടിച്ചട്ടിയിലെ വെളളം ഒഴുക്കി കളയുക. റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍ ഉപയോഗ ശേഷം കമഴ്ത്തി വെയ്ക്കുക. വിറക്, ചരല്‍ തുടങ്ങിയ മൂടാനുപയോഗിക്കുന്ന ഷീറ്റുകള്‍ വെളളം കെട്ടികിടക്കാനിടയുളള മടക്കുകള്‍ ഉണ്ടാകാതെ മൂടിയിടുക. ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ കുഴിച്ചു മൂടുക. പച്ചക്കറി മാലിന്യങ്ങള്‍ ചെടികളുടെ ചുവട്ടില്‍ കുഴിച്ചു മൂടുക. മത്സ്യ മാംസങ്ങളുടെ മാലിന്യങ്ങള്‍ കുഴിച്ചു മൂടുക.

വീടിനു മുന്നിലെ ഓടയിലൂടെ വെളളം സുഗമമായി ഒഴുകുന്നുണ്ടെന്ന് ഉറപ്പാക്കുക. സെപ്റ്റിക്ക് ടാങ്ക് ചോര്‍ച്ചയിലൂടെ മലിനജലം പുറത്തേയ്ക്ക് വ്യാപിക്കാതെ ശ്രദ്ധിക്കുക. പാഴ്ച്ചെടികള്‍ വെട്ടിമാറ്റുക. ടെറസ്, സണ്‍ഷേഡ് എന്നിവിടങ്ങളിലെ വെളളം ഒഴുക്കി കളയുക. മാസ്ക് ഉപയോഗിച്ചശേഷം വലിച്ചെറിയരുത്. വീണ്ടും ഉപയോഗിക്കാനാവാത്ത മാസ്ക്കുകള്‍ ഉപയോഗശേഷം ആഴത്തില്‍ കുഴിയെടുത്ത് കുഴിച്ചു മൂടുകയോ കത്തിച്ചുകളയുകയോ ചെയ്യുക.

ജൂണ്‍ 6 ന് വീടും പരിസരവും വൃത്തിയാക്കുക. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്ക് ധരിക്കണം. നനഞ്ഞ മാസ്ക് ധരിക്കരുത്. പൊതു സ്ഥലങ്ങളില്‍ ശുചീകരണം നടത്തുന്നവര്‍ കൂട്ടം കൂടാനിടയാകരുത്. മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈയ്യുറ ധരിക്കണം. അഴുക്കു വെളളവുമായി സമ്പര്‍ക്കത്തില്‍ വരാനിടയുളളവര്‍ ഗം ബൂട്ട് ധരിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ശുചീകരണത്തിലേര്‍പ്പെടുന്നവര്‍ എലിപ്പനി വരാതിരിക്കാന്‍ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് കഴിക്കുക.
എല്ലാ ഞായറാഴ്ചകളിലും വീടുകളിലും ഉറവിട നശീകരണം ഉറപ്പാക്കാനായി ശുചീകരണം നടത്തി ഡ്രൈഡേ ആചരിക്കുക.