കോവിഡ് കാലത്ത് അട്ടപ്പാടിയിലെ ഊരുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെയും കുട്ടികളുടെയും മാനസികാരോഗ്യം സംരക്ഷിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ടെലി കൗണ്‍സിലിംഗ് സംവിധാനം അട്ടപ്പാടിയില്‍ സജീവമായി തുടരുന്നു. സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനാണ് ടെലി കൗണ്‍സിലിംഗ് ആരംഭിച്ചത്. ഊരുകളില്‍ പ്രമോട്ടര്‍മാര്‍ മുഖേന ഒറ്റപ്പെട്ടു കഴിയുന്നവരുടെ ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയാണ് ഫോണിലൂടെ കൗണ്‍സിലിങ്ങ് നല്‍കുന്നത്. അഗളി, പുതൂര്‍, ഷോളയൂര്‍ തുടങ്ങിയ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലായി അഞ്ച് പേരടങ്ങുന്ന മൂന്ന് ടീമുകളായാണ് ഫോണ്‍ കോളുകള്‍ ചെയ്യുന്നത്.

കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ടെലി കൗണ്‍സിലിന്റെ സേവനം ലഭിക്കും. സമഗ്ര ആദിവാസി വികസന പദ്ധതിയുടെ അംഗങ്ങളാണ് കൗണ്‍സിലിംഗ് നല്‍കുന്നത്. കൂടാതെ, ബ്രിഡ്ജ് ടീച്ചര്‍മാരും ഓണ്‍ലൈന്‍ മുഖേന കുട്ടികളുമായി സംവദിക്കുന്നുണ്ട്. മാനസിക ഉല്ലാസത്തിനായി പുസ്തകങ്ങളും ഗെയിമുകളും നല്‍കിവരുന്നുണ്ട്. കോവിഡ് കാലത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഫോണ്‍ കണക്ഷന്‍ ഇല്ലാത്ത കുറുമ്പ മേഖലകളില്‍ ബ്രിഡ്ജ് ടീച്ചര്‍മാര്‍ നോരിട്ടെത്തി ടെലികൗണ്‍സിലിന്റെ സേവനം ഉറപ്പ് വരുത്തുന്നതായി അട്ടപ്പാടിയിലെ കുടുംബശ്രീ ടെലി കൗണ്‍സിലിങ്ങ് കോര്‍ഡിനേറ്റര്‍ സുധീഷ് മരുതലം അറിയിച്ചു.