തൃശ്ശൂർ: 2021- 22 സാമ്പത്തിക വർഷത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഒരുങ്ങി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി കോവിഡ് പ്രതിരോധ ഉപാധികൾ വാങ്ങുന്നതിന് 7 ലക്ഷം രൂപ വകയിരുത്തുകയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 4 ഗ്രാമപഞ്ചായത്തുകളിലേക്ക് ആവശ്യമായ ഉപാധികൾ വിതരണം ചെയ്യുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എ കെ രാധാകൃഷ്ണൻ 4 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പൾസ്‌ ഓക്സിമീറ്റർ, ത്രീ ലയർ മാസ്ക്, ഗ്ലാസ്, സാനിറ്റൈസർ എന്നിവ കൈമാറി.

ചേർപ്പ്, അവിണിശ്ശേരി, പാറളം, വല്ലച്ചിറ ഗ്രാമ പഞ്ചായത്തുകളിലേക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കുമായി 320 പൾസ്‌ ഓക്സിമീറ്ററുകൾ, 7000 ത്രീ ലയർ മാസ്കുകൾ, 500 എം എൽ അളവിലുള്ള 150 ബോട്ടിൽ സാനിടൈസറുകൾ, 7000 എക്സാമിനേഷൻ ഗ്ലൗസുകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കായി 1100 സർജിക്കൽ ഗ്ലൗസ് എന്നിവയാണ് വിതരണം ചെയ്തത്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജിഷ കള്ളിയത്ത്, ഹരി സി നരേന്ദ്രൻ, മിനി വിനയൻ,മനോജ് എൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ്, സെക്രട്ടറി അഭിലാഷ് എം ആർ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ചേർപ്പ് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ സുനിൽകുമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.