ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ ഒമ്പത്, 16, 23 തീയതികളിൽ ഡോക്‌സി ഡേ നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. മലിനജലവുമായി സമ്പർക്കത്തിലാകുന്നവർ, വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ (പുല്ലുചെത്തുവർ, വയലിൽ പണി ചെയ്യുവർ, മത്സ്യം- ചെമ്മീൻ സംസ്‌ക്കരണവും വിതരണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുവർ, ശുചീകരണ തൊഴിലാളികൾ, അലക്ക് ജോലി ചെയ്യുന്നവർ), വീടിന് പരിസരത്ത് വെള്ളക്കെട്ടുള്ളവർ, ചെറുതോടുകളിലും വയലുകളിലും വാഹനങ്ങൾ കഴുകാനിറങ്ങുന്നവർ, കാലുകളിൽ മുറിവുള്ളവർ, അവിചാരിതമായി അഴുക്കു വെള്ളത്തിലിറങ്ങാനിടയായിട്ടുള്ളവർ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഹാരത്തിനുശേഷം 200 മില്ലീഗ്രാമിന്റെ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം.

മഴക്കാലമായതിനാൽ വെള്ളം കെട്ടിക്കിടക്കാനിടയുള്ള വസ്തുക്കൾ മുറ്റത്തും പുരയിടങ്ങളിലും കിടക്കുന്നത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുപെരുകാൻ കാരണമാകും. ഉപയോഗശൂന്യമായ കുപ്പി, പാട്ട, ചിരട്ട, പാള, ടയർ തുടങ്ങിയ ഉറവിടങ്ങൾ നീക്കം ചെയ്യണം. ജൂൺ 10, 17, 24 തീയതികളിൽ ഉറവിടനശീകരണത്തിനായി ‘ഡ്രൈ ഡേ’ ആചരിക്കും. ഒരിക്കൽ ഡെങ്കിപ്പനി വന്നവർക്കു രണ്ടാമതും വരാനിടയായാൽ രോഗം ഗുരുതരമാകാനിടയുണ്ട്. ഉറവിട നശീകരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു.