എറണാകുളം: പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിച്ച ഫണ്ടുപയോഗിച്ചു ഏറ്റെടുത്ത പദ്ധതികൾക്ക് ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ആസൂത്രണ സമിതി യോഗത്തിന്റെ അംഗീകാരം നേടി. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഡ്ഹോക്ക് ജില്ലാ ആസൂത്രണ സമിതി യോഗമാണ് അംഗീകാരനടപടികൾ പൂർത്തിയാക്കിയത്. ഇതോടെ, കോർപറേഷൻ ഒഴികെയുള്ള 110 തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്ന് ആകെ 126.38 കോടി രൂപയുടെ 1934 പ്രോജക്ടുകള്‍ക്കാണ് അംഗീകാരം നേടിയത്. കോർപറേഷനുള്ള നഗരസഞ്ചയ ഫണ്ട് പിന്നീട് സർക്കാർ അനുവദിച്ചു നൽകും എന്നാണ് അറിയിച്ചിട്ടുള്ളത്.
ജില്ലാ കളക്ടർ എസ്. സുഹാസ് മെമ്പർ സെക്രട്ടറിയും ജില്ലാ പ്ലാനിങ് ഓഫീസർ അംഗവുമായ സമിതിയുടെ അധ്യക്ഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാണ്.
യോഗത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് കെ. ജെ ജോയ്, എ ഡി സി ജനറൽ ശ്യാമലക്ഷ്മി, കോർപ്പറേഷൻ, ഗ്രാമ പഞ്ചായത്ത് പ്രധിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.