ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തായി കഞ്ഞിക്കുഴി മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓണക്കാല പച്ചക്കറി കൃഷിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കര്‍ഷക ഓണ്‍ലൈന്‍ ഗ്രാമസഭയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

കൃഷിയുടെ കാര്യത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള പഞ്ചായത്താണ് കഞ്ഞിക്കുഴി. കഞ്ഞിക്കുഴിയുടെ കാര്‍ഷിക പാരമ്പര്യം പേരുകേട്ടതാണ്.ഒരാള്‍ ഒരു ദിവസം 300 ഗ്രാം പച്ചക്കറിയാണ് കഴിക്കേണ്ടത്. എന്നാല്‍ 160 ഗ്രാം പച്ചക്കറി മാത്രമേ ഒരാള്‍ കഴിക്കുന്നുള്ളു എന്നാണ് പഠനങ്ങള്‍ പറയുന്നത്. വിഷമില്ലാത്ത പച്ചക്കറി തങ്ങളുടെ അവകാശമാണെന്ന് ഓരോരുത്തരും സ്വയം തീരുമാനിച്ചാല്‍ കൃഷിയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കും. അലസതയും താല്‍പ്പര്യമില്ലായ്മയും മാറ്റിവെച്ച് കൃഷിയെ ഗൗരവമായി കണ്ട് എല്ലവരും നല്ല മാറ്റത്തിനായി മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിക്കായി കര്‍ഷക ഗ്രാമസഭ സംഘടിപ്പിച്ചുകൊണ്ടുള്ള പഞ്ചായത്തിന്റെ മുന്നൊരുക്കങ്ങളെ മന്ത്രി അഭിനന്ദിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകമിത്ര റ്റി.എസ്. വിശ്വന്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാരായ വി.ടി. സുരേഷ്, കെ.ഡി. അനിത എന്നിവര്‍ മറുപടി നല്‍കി. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാര്‍, പ്ലാനിങ് ബോര്‍ഡ് ഫാക്കല്‍റ്റി പി. ജമാല്‍, കാര്‍ഷിക കര്‍മ സേന കണ്‍വീനര്‍ ജി. ഉദയന്‍, പഞ്ചായത്ത് സെക്രട്ടറി പി. ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ കര്‍ഷകരും കാര്‍ഷിക സംഘങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ഗ്രാമസഭയില്‍ ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്.