പാലക്കാട്‌: പതിനൊന്ന് വര്ഷത്തോളം ഭര്ത്താവിന്റെ വീട്ടില് ആരും കാണാതെ താമസിച്ചെന്ന് വെളിപ്പെടുത്തിയ സജിതയെയും ഭര്ത്താവ് റഹ്മാനെയും നെന്മാറ വിത്തനശ്ശേരിയിലെ വാടക വീട്ടില് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല് അംഗം കെ.ബൈജുനാഥ് സന്ദര്ശിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇന്വെസ്റ്റിഗേഷന് വിഭാഗം സംഭവത്തില് മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ശേഷം തുടര്നടപടികള് സ്വീകരിക്കുമെന്നും കെ.ബൈജുനാഥ് അറിയിച്ചു.
ഇന്വെസ്റ്റിഗേഷന് വിങ് മേധാവി കൂടിയായ ഡി.ജി.പിയ്ക്കായിരിക്കും അന്വേഷണച്ചുമതല. റഹ്മാനോടും സജിതയോടും സംസാരിച്ചതു പ്രകാരം നിലവില് ഇരുവര്ക്കും പരാതിയൊന്നുമില്ല. എന്നാല് കഴിഞ്ഞു പോയ കാലത്ത് എന്തെങ്കിലും മനുഷ്യാവകാശ ലംഘനം സജിതയ്ക്ക് സംഭവിച്ചിട്ടുണ്ടോയെന്നതായിരിക്കും കമ്മീഷന് അന്വേഷിക്കുകയെന്നും കമ്മീഷന് വ്യക്തമാക്കി. സജിത ഒളിച്ചു താമസിച്ച അയിലൂര് കാരക്കാട്ടുപറമ്പിലെ വീടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല് അംഗം സന്ദര്ശിച്ചു.
സംസ്ഥാന യുവജന കമ്മീഷനും വനിത കമ്മീഷനും നേരത്തെ സംഭവസ്ഥലം സന്ദര്ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവത്തില് മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്ന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന് സ്ഥലത്തെത്തിയത്.