തിരൂര്‍-മലപ്പുറം റൂട്ടിലെ പ്രധാനറോഡില്‍ വാഹനഗതാഗതം സുഗമമാക്കാന്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. തലക്കടത്തൂര്‍, വൈലത്തൂര്‍ ടൗണുകളിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെയുള്ള റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. ഏഴ് കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി തലക്കടത്തൂരില്‍ നിന്ന് തുടങ്ങിയ പ്രവൃത്തി പൊന്മുണ്ടം വരെ എത്തിയിട്ടുണ്ട്.

റോഡ് നവീകരണത്തിനൊപ്പം നടപ്പാത, അഴുക്കുചാല്‍ എന്നിവയും പുതുക്കി പണിയും. കെട്ടിട ഉടമകള്‍ സ്വമേയധാ റോഡ് വികസനത്തിനായി സ്ഥലം വിട്ടുനല്‍കുകയായിരുന്നു. നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ തിരൂര്‍- മലപ്പുറം റോഡില്‍ വേഗത്തിലുള്ള വാഹനഗതാഗതത്തിന് സൗകര്യമൊരുങ്ങും. റോഡില്‍ വീതി കുറവായതിനാല്‍ തലക്കടത്തൂര്‍, വൈലത്തൂര്‍ മേഖലകളില്‍ ഗതാഗതകുരുക്ക് പതിവാണ്. ഗതാഗതകുരുക്ക് കാരണം മലപ്പുറം-തിരൂര്‍ റോഡില്‍ യാത്ര വൈകുന്നതും നിത്യസംഭവുമാണ്. ഇത് കച്ചവടസ്ഥാപനങ്ങളുടെ നല്ല നിലയിലുള്ള പ്രവര്‍ത്തനത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഏഴ് കോടി രൂപ ചെലവഴിച്ച് റോഡ് വീതി കൂട്ടി നവീകരിക്കാന്‍ നടപടിയായത്.