തൃശ്ശൂർ: കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകർക്ക് തുണയേകാൻ വെർച്വൽ ചന്തയുമായി രംഗത്തെത്തിയിരിക്കുകയാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത്. വെർച്വൽ ചന്തയിലൂടെ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോക്താവിന് പരിചയപ്പെടുത്തുവാനും വിറ്റഴിക്കാനും സാധിക്കുന്നു. കോവിഡ് കാലത്തെ ഓണ വിപണി കൂടി മുന്നിൽ കണ്ടാണ് പഞ്ചായത്ത് വെർച്വൽ ചന്ത എന്ന ആശയം പ്രാവർത്തികമാക്കിയത്. പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തികൊണ്ട് കാർഷിക ഉൽപ്പന്നങ്ങൾ ഉപഭോക്താവിലേക്ക് എത്തിക്കുകയും അതുവഴി ഉപഭോക്താവിനെ കർഷകരിലേക്ക് എത്തിക്കുക എന്നതുമാണ് ലക്ഷ്യം.

കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും കുടുംബശ്രീ പ്രവർത്തകരുമായും സഹകരിച്ചാണ് കർഷകരേയും ഉപഭോക്താക്കളേയും വെർച്വൽ ചന്തയിൽ ഏകോപിപ്പിക്കുന്നത്. www.farmwaves.com എന്ന വെബ്സൈറ്റ് ആണ് ഇതിനായി തയ്യാർ ചെയ്തത്. ചെറുകിട കർഷകരും സർക്കാർ ഉദ്യോഗസ്ഥരുമായ സലിം രായൻ മരക്കാർ, മുന്ന ജയൻ എന്നിവരുടെ ആശയമാണ് പഞ്ചായത്ത് ഏറ്റെടുത്ത് സൗജന്യമായി കർഷകർക്ക് ലഭ്യമാക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററാണ് ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഉത്പന്നങ്ങൾ വെർച്വലായി വിറ്റഴിക്കാൻ സാധാരണക്കാരായ കർഷകരെ കുടുംബശ്രീ അംഗങ്ങളാണ് സഹായിക്കുക. ഉൽപ്പന്നത്തിന്റെ ചിത്രവും വിവരണവും വെബ്സൈറ്റിൽ പരസ്യപ്പെടുത്താൻ കുടുംബശ്രീ അംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. കർഷകർക്ക് അവരുടെ ഉൽപന്നങ്ങളുടെ ഫോട്ടോയും വിശദാംശങ്ങൾ, വില എന്നിവ പ്രസിദ്ധപ്പെടുത്താൻ കഴിയും. കർഷകന്റെ ലൊക്കേഷനും ഫോൺ നമ്പറും ലഭ്യമാകുന്നതോടെ ഉപഭോക്താക്കൾക്ക് കർഷകനുമായി നേരിട്ട് ബന്ധപ്പെടാം. കർഷക സൊസൈറ്റികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെ ഭാവിയിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.  തദ്ദേശീയമായ പ്രമുഖ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ ലേലം നടത്തുന്നതിനുള്ള സൗകര്യവും അധികം വൈകാതെ തന്നെ ഉൾപ്പെടുത്താൻ കഴിയും.

കാർഷിക ഉൽപ്പന്നങ്ങൾ ഉപഭോക്താവിൽ എത്തിക്കുകയും ഉപഭോക്താവിന് ആവശ്യമായ ഉൽപ്പന്നങ്ങളുടെ ലഭ്യത തദ്ദേശീയരായ കർഷകരിൽനിന്ന് കണ്ടെത്തുകയും ചെയ്യുന്നതിനായാണ് പഞ്ചായത്ത് തലത്തിൽ ഒരു വെർച്വൽ ചന്ത ആരംഭിക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ മികവുറ്റ ഒരു വിപണന തന്ത്രം ആവിഷ്കരിക്കുക വഴി ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് വ്യക്തമാക്കി. കൃഷി വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്‌മകൾ, കുടുംബശ്രീ എന്നിവർ മുഖേന നടത്തുന്ന സ്റ്റാളുകൾ, വിപണന കേന്ദ്രങ്ങൾ വഴി പ്രാദേശിക വിപണിയിൽ ഉല്പന്നലഭ്യത ഉറപ്പുവരുത്തുവാനും കർഷകന് വിളവിന് ഉയർന്ന വിപണിവില ഉറപ്പുവരുത്തുവാനും സാധിച്ചിരുന്നു.

എന്നാൽ കോവിഡ് മൂലം, ഇത്തരം സ്ഥാപനങ്ങളും മേളകളും പൂർണ്ണമായ തോതിൽ തന്നെ ദീർഘ കാലം അടച്ചിടേണ്ടി വരുന്നത് കാർഷിക വിപണിക്കും കർഷകർക്കും ഒരു വലിയ തിരിച്ചടിയാണ് നൽകുന്നത്. ഇതിനൊരു ബദലായാണ് വെർച്വൽ ചന്ത എന്ന ആശയത്തിന് രൂപം നൽകിയതെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കോവിഡ് പ്രതിരോധ കോർഡിനേറ്റർ കൂടിയായ സലിം രായൻ മരക്കാരും മുന്ന ജയനും പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണ വിപണി ഇത്തരം സാങ്കേതിക വിദ്യകളുടെ പിൻബലത്തോടെ നടപ്പാക്കാൻ സാധിക്കുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. ഇതുവഴി കർഷകന്റെ ഉൽപാദന ചിലവും ഉപഭോക്താക്കളുടെ വിപണി വിലയും തമ്മിലുള്ള അന്തരം കുറക്കാനുള്ള ശ്രമത്തിലാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത്.