ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോഗിംഗ്, ഇന്‍ഡോര്‍ സ്‌പേസ് സ്‌പ്രേ എന്നിവ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോഗിംഗ് സമയത്ത് വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടണം. അലര്‍ജിയോ ശ്വാസംമുട്ടലോ ഉള്ളവര്‍ തുറസായ സ്ഥലങ്ങളിലേക്ക് മാറിനില്‍ക്കണം. കുടിവെള്ളവും ആഹാര പദാര്‍ത്ഥങ്ങളും അടച്ച് സൂക്ഷിക്കണം. ഇടുങ്ങിയ മുറികളില്‍ പാര്‍പ്പിച്ചിരിക്കുന്ന വളര്‍ത്തുമൃഗങ്ങളെ പുറത്തേക്ക് മാറ്റി കെട്ടണം. ഇന്‍ഡോര്‍ സ്‌പേസ് സ്‌പ്രേ നടത്തുന്ന സമയത്ത് മുറികളിലേക്ക് ആരും പ്രവേശിക്കരുത്. ഇലക്ട്രിക് ഉപകരണങ്ങള്‍, ഗ്യാസ് എന്നിവ ഓഫാക്കി ഇടണം. അടുപ്പ് കത്തിക്കാനും പാടില്ല. ജനലുകളും വാതിലുകളും അടച്ചിടണം. സ്‌പ്രേയിംഗ് കഴിഞ്ഞ് ഇരുപത് മിനിറ്റിനു ശേഷം മാത്രമേ മുറിയില്‍ പ്രവേശിക്കാവൂ. മാസ്‌ക് ഉപയോഗിച്ച് ജനലുകളും വാതിലുകളും തുറന്ന ശേഷം ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കണം, മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
