തൊഴിലാളികളുടെ സമ്പൂർണ്ണ പിന്തുണയോടെ ബേപ്പൂർ തുറമുഖത്തിൻ്റെ വികസനം സാധ്യമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. മലബാർ ചേംബർ ഓഫ് കൊമേഴ്സ് നൽകിയ സ്വീകരണ പരിപാടിയോടനുബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യങ്ങൾ ശ്രദ്ധയിലുണ്ടെന്നും നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് പഠിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിനു കീഴിലെ സ്ഥലങ്ങൾ ആവശ്യമെങ്കിൽ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ തുറമുഖത്തിൻ്റെ വികസനം സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ മെമ്മോറാണ്ടം ചടങ്ങിൽ മന്ത്രിക്ക് കൈമാറി. മലബാർ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് കെ.വി. ഹസീബ് അഹമ്മദ്, സെക്രട്ടറി എം.എ. മെഹബൂബ്, ബേപ്പൂർ തുറമുഖ വികസന കമ്മിറ്റി ചെയർമാൻ എൻ.കെ.മുഹമ്മദലി, കോർഡിനേറ്റർ ഹരിദാസ് കേളോത്ത്കണ്ടി, ടി.പി.സലിം കുമാർ, മാരിടൈം ചെയർമാൻ വി.ജെ.മാത്യു മറ്റു പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.