വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനമഹോത്സവം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അഡ്വ. പി.ടി.എ റഹീം എം.എൽ.എ പയ്യടിമീത്തൽ കണ്ണംചിന്നം പാലത്തിന് സമീപം മുളത്തെകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന മാമ്പുഴയുടെ സംരക്ഷണത്തിനായി പഞ്ചായത്ത് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ തൈകളും വനം വകുപ്പിൽ നിന്ന് ലഭ്യമാവുന്ന മുളത്തെെകളും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തീരത്ത് വെച്ചു പിടിപ്പിച്ച് പുഴ സംരക്ഷിക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കാണ് എം.എൽ.എ തുടക്കം കുറിച്ചത്.
പരിസ്ഥിതി പുനസ്ഥാപനവും പരിപാലനവും ലക്ഷ്യമിട്ട് ജൂലായ് ഒന്ന് മുതൽ ഏഴ് വരെയാണ് വനം വന്യജീവി വകുപ്പ് വനമഹോത്സവമായി ആചരിക്കുന്നത്. വനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് ആഴത്തിലെത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര വകുപ്പുകളും വിദ്യാഭാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമായി ചേർന്ന് ജില്ലയിലുടനീളം വിവിധ പരിപാടികൾ നടത്തുന്നുണ്ട്.
ജില്ലയിലെ പുഴകളുടെ തീരങ്ങളെ ഹരിത വൽക്കരണത്തിലൂടെ സംരക്ഷിക്കാൻ വനം വകുപ്പ് തയ്യാറാക്കിയ 40,000 മുളത്തൈകളുടെ വിതരണ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ ജോഷിൽ എം. പദ്ധതി വിശദീകരിച്ചു. പന്തലായനി, ചേളന്നൂർ, കോഴിക്കോട്, കൊടുവള്ളി ബ്ലോക്കുകളിലെ പ്രതിനിധികൾ മുളത്തൈകൾ ഏറ്റുവാങ്ങി.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ.അനിത, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദിഖലി, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അജിത, പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉഷ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ കാമ്പുറത്ത്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ടി.എം.മുഹമ്മദ് ജാ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്, സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസർ എം. പത്മനാഭൻ, മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി ടി.നിസാർ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, കുന്ദമംഗലം ബ്ലോക്ക് തൊഴിലുറപ്പ് എഞ്ചിനീയർ ടി.അഞ്ജന, പെരുമണ്ണ തൊഴിലുറപ്പ് അസി.എഞ്ചിനീയർ മജ്നാസ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർ തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.