കൊച്ചി: കാലവര്‍ഷം ശക്തമായതോടെ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാഹചര്യം മുന്നില്‍ കണ്ട് പ്രതിരോധ പരിപാടികളുമായി പൂത്തൃക്ക ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി ആരോഗ്യജാഗ്രത പദ്ധതിയോടനുബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ മഴക്കാലരോഗ പ്രതിരോധ ശില്‍പ്പശാല സംഘടിപ്പിച്ചു. പൂത്തൃക്ക ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡന്റ്  ഷിജി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ. സജീവ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ലിസ്സി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
മഴക്കാല രോഗപ്രതിരോധ ശുചീകരണ പ്രവര്‍ത്തന പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ജൂണ്‍ 17 ക്‌ളോറിനേഷന്‍ ദിനമായി ആചരിക്കും. ജനപങ്കാളിത്തത്തോടെ ഗൃഹസന്ദര്‍ശന സ്‌ക്വാഡുകള്‍ രൂപീകരിക്കും. ജൂണ്‍ 30 ന് ആരോഗ്യ സന്ദേശയാത്രയും, ഔഷധവണ്ടിയും, ആരോഗ്യ മുറ്റം എന്ന പേരില്‍ 100 ആരോഗ്യ ബോധവത്കരണ ക്ലാസ്സുകളും, ബോധവത്കരണ സന്ദേശവും പ്രവര്‍ത്തനപരിപാടികളും ഉള്‍പ്പെടുത്തി ടാബ്ലോയ്ഡ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കും. മാസത്തിലെ ആദ്യ ഞായറാഴ്ചകളില്‍ ഗൃഹസന്ദര്‍ശന മാസ്സ് സ്‌ക്വാഡുകള്‍ നടത്തും. കൂടാതെ ജൂണ്‍ 17 മുതല്‍ 22 വരെ അതിഥി തൊഴിലാളി തൊഴില്‍ കേന്ദ്രങ്ങള്‍, താമസസ്ഥലങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പരിശോധനകളും ഊര്‍ജിതപ്പെടുത്താനും തീരുമാനിച്ചു.
നേരത്തേ ഭവനസന്ദര്‍ശനത്തിലൂടെ മഴക്കാല പ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ മഴ ശക്തമായ സാഹചര്യത്തില്‍ ഒരിക്കല്‍ക്കൂടി ഭവനസന്ദര്‍ശനം നടത്തി പ്രതിരോധപരിപാടികള്‍ പരിശോധിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. വീടിനു അനുബന്ധമായുള്ള പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട ചിരട്ട, ടിന്ന്, മുട്ടത്തോട്, ടയര്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍,   എന്നിവ ഉള്‍പ്പെടെ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും  ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കും. ചെടിച്ചട്ടി, എയര്‍ കൂളര്‍, റഫ്രിജറേറ്ററിന് അടിവശം എന്നിവിടങ്ങളില്‍ കൊതുക് മുട്ടയിട്ട് വളരാന്‍ സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തും, കോണ്‍ക്രീറ്റ് വീടുകളുടെ ടെറസുകളിലും കൈവരിക്കുള്ളിലും ചപ്പുചവറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക എന്നിങ്ങനെ വിപുലമായ നടപടികളാണ് ഭവന സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നതിനും തീരുമാനമായി. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ചകളില്‍ വീടുകളിലുമാണ് െ്രെഡ ഡേ ആചരിക്കുന്നത്.
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. പൂത്തൃക്ക പഞ്ചായത്തിനു കീഴില്‍ വരുന്ന 14 വാര്‍ഡുകളിലും കുട്ടികള്‍ക്കായി ഗ്രീഷ്‌മോത്സവം ക്യാമ്പ് സംഘടിപ്പിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി. കൂടാതെ വാര്‍ഡുതല ശുചിത്വ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് മഴക്കാല ശുചീകരണം ഊര്‍ജിതമാക്കി. ഭവന സന്ദര്‍ശനത്തിലൂടെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും അവയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തുക, കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടുപിടിച്ച് നശിപ്പിക്കുക, കുടിവെള്ളത്തിന്റെ ശുചിത്വം പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുക,  പാത്രങ്ങളിലും ടാങ്കുകളിലും ജലം സംഭരിച്ച് സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന സന്ദേശം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ശുചിത്വം സ്‌ക്വാഡ് നിര്‍വഹിക്കുന്നത്.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നതിനുള്ള നടപടിയും കര്‍ശനമായി നടന്നു വരുന്നു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തി പ്ലാസ്റ്റിക്കിന് പകരം തുണിസഞ്ചികള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി. തോടുകള്‍,  കുളങ്ങള്‍, ഓടകള്‍ എന്നിവ ശുദ്ധീകരിക്കുകയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തതായി യോഗം വിലയിരുത്തി.
ഗ്രാമ പഞ്ചായത്ത്  ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍  സാലിബേബി, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പോള്‍വെട്ടിക്കാടന്‍, ഗ്രാമ പഞ്ചായത്ത് അംഗം ജോണ്‍ ജോസഫ്, ഗീത ശശി എന്നിവര്‍ പങ്കെടുത്തു.