കൊച്ചി: കാലവര്‍ഷത്തെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ആലുവ താലൂക്കിലെ പഞ്ചായത്തുകള്‍. മുന്‍കൂട്ടി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പല പഞ്ചായത്തുകളും നടപ്പിലാക്കി കഴിഞ്ഞു. അടിയന്തിരഘട്ട കാര്യ നിര്‍വഹണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതോടൊപ്പം തനതു പദ്ധതികളും പഞ്ചായത്തുകളില്‍ നടപ്പിലാക്കി.

പഞ്ചായത്തുകളിലെല്ലാം തന്നെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയായി. ആലുവ താലൂക്കിലെ കുന്നുകര പഞ്ചായത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മെഡിക്കല്‍ ഓഫീസര്‍ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലോചനാ യോഗം നടത്തി മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. പൊതു റോഡുകളിലെ മാലിന്യങ്ങള്‍ തൊഴിലുറപ്പു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. മത്സ്യ മാംസ മാര്‍ക്കറ്റുകളും പഞ്ചായത്ത് നോട്ടീസ് നല്‍കി വൃത്തിയാക്കി. ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലെയും കിണറുകള്‍ പരിശോധിക്കുകയും ക്ലോറിനേഷന്‍ നടത്തകയും ചെയ്തു. വെള്ളക്കെട്ട് രൂപപ്പെട്ടേക്കാവുന്ന പ്രദേശങ്ങള്‍ മനസിലാക്കി കാനകള്‍ വൃത്തിയാക്കുകയും ആഴം കൂട്ടി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്തു. പരിസര ശുചീകരണത്തിന്റെ പ്രാധാന്യം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെയും ലഘുലേഖകള്‍ വിതരണം ചെയ്യും ജനങ്ങളെ ബോധ്യപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് പറഞ്ഞു. റോഡിനു മുകളിലും പൊതു സ്ഥലങ്ങളിലും ഭീഷണിയായി നിന്ന മരച്ചില്ലകളെല്ലാം തന്നെ നീക്കം ചെയ്തു.

ഡെങ്കിപ്പനി മൂലം മരണം റിപ്പോര്‍ട്ടു ചെയ്ത വെങ്ങോല പഞ്ചായത്തിലെ കഴിയാംമ്പിള്ളിയില്‍ ആശ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ധന്യ ലൈജു അറിയിച്ചു. മുപ്പത്തോളം ആശ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്. ഇവിടെത്തന്നെയുള്ള ഗര്‍ഭിണിയായ യുവതിയും ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് പല വീടുകളിലും പൈപ്പുവെള്ളം ശേഖരിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. ഇത് വൃത്തിയായി കൈകാര്യം ചെയ്യാത്തതുമൂലം കൊതുകിന്റെ കൂത്താടികള്‍ പെരുകുകയായിരുന്നു.
ആശ പ്രവര്‍ത്തകര്‍ വഴി വെളളം സൂക്ഷിക്കേണ്ടതിന്റെ കൃത്യമായ ബോധവത്കരണം ജനങ്ങളിലേക്കെത്തിച്ചു. പ്രദേശത്ത് ഒരു മഞ്ഞപ്പിത്തവും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് . പെരുമ്പാവൂരിലെ പത്തി തോട് കര കവിഞ്ഞൊഴുകി കഴിഞ്ഞ വര്‍ഷം വെള്ളക്കെട്ടുണ്ടായ മേഖലയില്‍ ഈ വര്‍ഷം മുന്‍കരുതലുകള്‍ എടുത്തതായും പ്രസിഡന്റ് അറിയിച്ചു.

തുറവുര്‍ പഞ്ചായത്തില്‍ വെള്ളം കയറിയതുമൂലം വാഴ, കപ്പ കൃഷികള്‍ക്ക് നാശം സംഭവിച്ചു. മൂക്കന്നൂര്‍ പഞ്ചായത്തില്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പന്നിത്തടം പ്രദേശത്ത് കുടുതല്‍ ജാഗ്രത പുലര്‍ത്തുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അറിയിച്ചു. കിണറുകളെല്ലാം ക്ലോറിനേഷന്‍ നടത്തി വരികയാണ്. ഇതു വരെ പഞ്ചായത്ത് പ്രദേശത്ത് വെള്ളക്കെട്ടുകളൊന്നും രൂപപ്പെട്ടിട്ടില്ല. യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ മുറിച്ചു നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് അറിയിച്ചു.