കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായ സാഹചര്യത്തിൽ നീലേശ്വരം നഗരസഭ സി. കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാ കോർ കമ്മറ്റി യോഗം തീരുമാനിച്ചു. വാർഡുകളിൽ ജൂലൈ അഞ്ച്, ആറ്, ഏഴ് തീയ്യതികളിൽ കോവിഡ് പരിശോധന ക്യാമ്പുകൾ നടത്തും. ജൂലൈ അഞ്ചിന് തൈക്കടപ്പുറം പിഎച്ച്‌സി, ആറിന് റോട്ടറി ഹാൾ, ഏഴിന് ബോട്ട്ജെട്ടി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെ കോവിഡ് പരിശോധനാ ക്യാമ്പുകൾ നടക്കും.

നിയന്ത്രണങ്ങൾ അറിയാം

നഗരസഭ പ്രദേശത്തെ അവശ്യ വസ്തുക്കൾ മാത്രം വിലക്കുന്ന കടകൾ വൈകുന്നേരം ഏഴ് വരെ മാത്രം തുറന്നു പ്രവർത്തിക്കാൻ അനുമതി.
തുണിക്കടകൾ, ബുക്ക് സ്റ്റാളുകൾ, ചെരുപ്പ് കടകൾ വെള്ളിയാഴ്ചകളിൽ മാത്രം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും.
സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറി കട എന്നിവിടങ്ങളിൽ 25 ശതമാനം ജീവനക്കാരെ വെച്ച് അനുവദനീയമായ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാർസലും ഹോം ഡെലിവറിയും മാത്രം അനുവദിക്കും. തട്ടുകടകൾ പൂർണമായും നിരോധിച്ചു.
യോഗത്തിൽ നഗരസഭാചെയർ പേഴ്സൺ ടി വി ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ടി.പി. ലത, നഗരസഭാ സെകട്ടറി സി.കെ. ശിവജി, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ. ജമാൽ അഹമ്മദ്, സെക്ടറൽ മജിസ്ട്രേട്ട് ഇസ്മയിൽ പി. , നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. പ്രകാശൻ, റവന്യൂ ഇൻസ്പെക്ടർ കെ. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു.