ആലപ്പുഴ:  സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടപ്പാക്കുന്ന ‘ഹരിത ഗൃഹം’ പദ്ധതിയ്ക്ക് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി. പി. ചിത്തരഞ്ജൻ എം.എൽ.എ. നിർവഹിച്ചു.

കേരളത്തിലെ കാർഷിക മേഖലയിൽ ഏറ്റവും വലിയ ഇടപെടലുകൾ നടക്കുന്ന കാലഘട്ടമാണിത്. നമുക്കാവശ്യമായ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി സർക്കാർ നടപ്പാക്കുന്നത്. പച്ചക്കറി ഉത്പാദനത്തിന് പേരുകേട്ട മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പദ്ധതി വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും എം.എൽ.എ. പറഞ്ഞു.

പഞ്ചായത്തിലെ 365 കാർഷിക ഗ്രൂപ്പുകളെ കൂട്ടിയിണക്കി വാർഡ്‌ അടിസ്ഥാനത്തിൽ ചുരുങ്ങിയത് 10 ഏക്കർ വീതം തരിശു നിലം കണ്ടെത്തി ആകെ 180 ഏക്കർ സ്ഥലത്താണ് ഹരിത ഗൃഹം പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ അംഗങ്ങൾ ഉള്ള 4000 കുടുംബങ്ങളും പദ്ധതിയുടെ ഭാഗമാകും.

പയർ, പാവൽ, പച്ചമുളക്, പടവലം, വെണ്ട, വെള്ളരി, പീച്ചിൽ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കാർഷിക ഗ്രൂപ്പുകൾക്ക് ആവശ്യമെങ്കിൽ ബാങ്കിൽ നിന്നും ലോൺ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഇതിനോടകം സി.ഡി.എസ്. പൂർത്തിയാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി വാർഡ് അടിസ്ഥാനത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്യുന്ന ഗ്രൂപ്പുകളിൽ നിന്ന് ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് 2500 രൂപയും പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് 5000 രൂപയും സമ്മാനമായി നൽകും.

ചടങ്ങിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.സി. ഷിബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ ടി. എസ്. സുഖലാൽ, വാർഡ് അംഗം അലക്സ്, സി.ഡി.എസ്. ചെയർപേഴ്സൺ സുകന്യ സജിമോൻ, കെ.കെ. കുമാരൻ പെയിൻ ആന്റ് പാലിയേറ്റീവ് സെസൈറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ, കാർഷിക ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.