എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യവ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ എം.എൽ.എമാരായ പി.ടി.തോമസ്, എൽദോസ് കുന്നപ്പിള്ളിൽ, പി.വി.ശ്രീനിജൻ എന്നിവർ ആവശ്യപ്പെട്ടു. കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട പരാതിയിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേരണമെന്നും വിവിധ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

കോതമംഗലം നിയോജക മണ്ഡലത്തിലെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഫെൻസിങ്, ട്രെഞ്ചിങ് പദ്ധതികൾ നടപ്പിലാക്കും. കോലഞ്ചേരിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച മിനി സിവിൽ സ്റ്റേഷനിലേക്ക് ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തനം മാറ്റണമെന്ന് പി.വി ശ്രീനിജൻ എം.എൽ.എ ആവശ്യപ്പെട്ടു. ജലജീവൻ മിഷൻ പദ്ധതി ജില്ലയിൽ വിപുലമാക്കുന്നതിനായി നടപടി സ്വീകരിക്കും. മൊബൈൽ ഫോണുകൾക്ക് റേഞ്ചില്ലാത്ത വിവിധ പ്രദേശങ്ങളിലെ പൊതുപഠന കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ സംശയ നിവാരണത്തിനായി അദ്ധ്യാപകർ നേരിട്ടെത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുൽ വിശ്രമകേന്ദ്രങ്ങൾ ജില്ലയിൽ സജ്ജമാക്കും.

ജില്ലയിൽ ഇതുവരെ 18.25 ലക്ഷം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ജില്ലാ വികസന കമ്മീഷ്ണർ അഫ്സാന പർവീണിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺ ലൈൻ യോഗത്തിൽ എം.എൽ.എമാരായ അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ, ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.