ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ പ്രധാന പാലങ്ങളായ ജില്ലാ കോടതി, കൊമ്മാടി, പുന്നമട, പവർഹൗസ് പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തരിത്വഗതിയിലാക്കുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു. ആലപ്പുഴ മണ്ഡലത്തിലെ വിവിധ നിർമ്മാണ പദ്ധതികളുടെ പുരോഗതി വിലയിരുത്താനായി ആലപ്പുഴ കളക്ട്രേറ്റിൽ അവലോകന യോഗം ചേർന്നു. നെഹ്‌റുട്രോഫി പുന്നമട പാലത്തിന്റെ സ്ഥലമെടുപ്പ് ഈ മാസം 30 നകം പൂർത്തിയാക്കും. നെഹ്‌റു ട്രോഫി വാർഡിൽ രണ്ടര ഏക്കർ സ്ഥലവും പുന്നമട വാർഡിൽ പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ ആവശ്യമായ സ്ഥലവും ഏറ്റെടുക്കും. ഇതിന് മുന്നോടിയായി ഏറ്റെടുക്കുന്ന സ്ഥലം ഏഴിന് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിക്കും. ജില്ലാ കോടതി പാലത്തിന്റെ നിർമ്മാണ പ്രവർത്തങ്ങളുടെ ഭാഗമായി സ്ഥലത്തെ വ്യാപാരികളെ പുനഃരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജൂൺ ഒമ്പതിന് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു. 103 കടകളാണ് പാലത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി പുനഃരധിവസിപ്പിക്കുന്നത്. നഗരത്തിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ കാലതാമസമുണ്ടാവരുതെന്ന് ജില്ലാ കലക്ടർ എ അലക്‌സാണ്ടർ വകുപ്പ് മേധാവിമാർക്ക് നിർദ്ദേശം നൽകി. യോഗത്തിൽ വിവിധ വകുപ്പ് മേധാവിമാരും പങ്കെടുത്തു.