തൃശ്ശൂർ: പതിവിലും വ്യത്യസ്തമായി കോളേജ് ക്യാമ്പസില്‍ വനമൊരുക്കാനൊരുങ്ങി ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ കോളേജ്. ജില്ലയിലെ ആദ്യത്തെ കോളേജ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലാന്‍റിങിന് വനം വകുപ്പുമായി ചേര്‍ന്ന് ക്യാമ്പസില്‍ തുടക്കം കുറിച്ചു. ഇരുപത് ഏക്കര്‍ സ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പ്രകൃതി സൗഹാര്‍ദ്ദ കോളേജില്‍ ഔഷധതോട്ടങ്ങളുടെ ഭാഗമായുള്ള തൈ നടീലുകളും അവയുടെ പരിപാലനവും നടക്കുന്നുണ്ട്.വിവിധയിനം സസ്യങ്ങളും വൃക്ഷതൈകളുമാണ് ക്യാമ്പസിനെ വ്യത്യസ്തമാക്കുന്നത്.

ഹെര്‍ബല്‍ ഗാര്‍ഡനും തനിയെ വളരുന്ന സസ്യങ്ങളെ സ്വാഭാവികത നിലനിര്‍ത്തി സംരക്ഷിക്കുന്ന കന്യാവനവുമെല്ലാം ഇവിടുത്തെ മാത്രം പ്രത്യേകയാണ്. ഇരുപത് സെന്‍റ് സ്ഥലത്താണ് കന്യാവനമുള്ളത്. കോളേജ് നിര്‍മിച്ച മനോഹരമായ ഒരു കുളവും ഇവിടെയുണ്ട്.പ്രകൃതി സൗഹൃദമായ ഒരു ക്യാമ്പസാണ് പനമ്പിള്ളിയുടെ പ്രത്യേകയെന്ന് പ്രിന്‍സിപ്പല്‍ ജോജോ മോന്‍ പറഞ്ഞു. പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശമാണ് ഇവിടത്തെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്ന് നല്‍കാന്‍ ശ്രമിക്കുന്നത്. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസായും ഇവിടം മാറ്റാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മരങ്ങള്‍ നട്ട് വനമഹോത്സവത്തിന് ആരംഭം

വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്‍റെ ഭാഗമായി ഒരു കോളേജില്‍ മരങ്ങള്‍ നട്ടുകൊണ്ട് വന മഹോത്സവം ആരംഭിക്കാന്‍ കഴിഞ്ഞു എന്ന നേട്ടവും പനമ്പിള്ളി സ്വന്തമാക്കി. 2021 ലെ വനമഹോത്സവത്തിന്‍റെ ഭാഗമായുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലാന്‍റിംങ് കോളേജില്‍ ആരംഭിച്ചു. ക്യാമ്പസില്‍ വിവിധ ഇനങ്ങളിലായി 500 ഔഷധ സസ്യങ്ങള്‍ ഇതിന്‍റെ ഭാഗമായി വെച്ച് പിടിപ്പിക്കും. സസ്യങ്ങളുടെ ശരിയായ പരിപാലനം ഉറപ്പ് വരുത്തും. സസ്യങ്ങളുടെ വളര്‍ച്ചയും മറ്റും നിരീക്ഷിച്ച് ഡോക്യുമെന്‍റ് ചെയ്യും.

പ്രകൃതിക്കായി പച്ചതത്തുരുത്തും

ഹരിത കേരള മിഷന്‍റെയും ചാലക്കുടി നഗരസഭയുടെയും സഹകരണത്തോടെ പച്ചത്തുരുത്ത് എന്ന ഔഷധ സസ്യതോട്ടവും ഇവിടെയുണ്ട്. കോളേജിന്‍റെ കിഴക്കുഭാഗത്തുള്ള കുളത്തിന് സമീപമായാണ് ഔഷധത്തോട്ടം ഒരുക്കിയിട്ടുള്ളത്. രക്തചന്ദനം, ആര്യവേപ്പ, ആടലോടകം, കരിനെച്ചി, കൂവളം ലക്ഷ്മിതരു, നീര്‍മരുത് തുടങ്ങി ഇരുപതോളം ഇനങ്ങളാണ് ഇവിടെയുള്ളത.് ഔഷധസസ്യങ്ങളെ വളരെ മനോഹരമായി വൃത്തിയോടെ നട്ടിരിക്കുന്നു. കോളേജ് അങ്കണത്തിലെ ഔഷധത്തോട്ടത്തിലെ പരിപാലനം കോളേജ് എന്‍എസ്എസ് യൂണിറ്റിനാണ്.എന്‍എസ്എസ് യൂണിറ്റിലെ നാല് പേര്‍ വീതമുള്ള ഗ്രൂപ്പുകളായിരിക്കും പച്ചത്തുരുത്ത് പരിപാലനം. മൂന്നുമാസം കൂടുന്തോറും പരിസരം വൃത്തിയാക്കാനായി കുടുംബശ്രീ അംഗങ്ങളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോളേജിന് കരുത്തായി എന്‍എസ്എസും ഭൂമിത്രസേനയും

കോളേജിന്‍റെ പ്രകൃതി സൗന്ദര്യത്തിന് പിന്നില്‍ ഇവിടുത്തെ എന്‍ എസ് എസ് യൂണിറ്റിനും ഭൂമിത്ര സേനക്കും വലിയ പങ്കുണ്ട്. ഗ്രീന്‍ ക്യാമ്പസായി പരിസരം സൂക്ഷിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനുമായി ഇവര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു. വനമഹോത്സവത്തിന്‍റെ ഭാഗമായുള്ള ഔഷധതോട്ടത്തിന്‍റെ മേല്‍നോട്ടം ഭൂമിത്ര സേനക്കാണ്. പച്ചതുരുത്തിന്‍റെ പരിപാലനം എന്‍ എസ് എസ് യൂണിറ്റും ചെയ്തു വരുന്നു.രണ്ട് എന്‍ എസ് എസ് യൂണിറ്റുകളാണ് ഇവിടെ യുള്ളത്.പ്രകൃതി സംരക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല എന്‍ എസ് എസ് യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍.കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വാക്സിനേഷനായി ഓണ്‍ലൈന്‍ രജിസ്ട്രേ ഷന് പ്രയാസമനുഭവപ്പെട്ടവര്‍ക്കായി സൗജന്യ വാക്സിന്‍ രജിസ്ട്രേഷന്‍ ഹെല്‍പ് ലൈന്‍ ക്യാമ്പ് നടത്തി യൂണിറ്റ് മാതൃകയായിരുന്നു.2020-21 വര്‍ഷത്തെ മദ്യം മയക്കു മരുന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മികവിന് എക്സൈസ് വകുപ്പ് തൃശൂര്‍ ഡിവിഷന്‍റെ അവാര്‍ഡും എന്‍ എസ് എസ് യൂണിറ്റ് സ്വന്തമാക്കിയിരുന്നു. ലഹരി വിരുദ്ധ സന്ദേശങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്സ്, ഡിജിറ്റല്‍ പോസ്റ്റര്‍ ക്യാമ്പയിന്‍, ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികള്‍ യൂണിറ്റ് സംഘടിപ്പിച്ചിരുന്നു.