കണ്ണൂര്‍:  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരം മിഴിവ് 2021 ലെ വിജയികള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. ഒന്നാം സ്ഥാനം നേടിയ കെ ടി ബാബുരാജ്, രണ്ടാം സ്ഥാനം നേടിയ സൂരജ് രാജന്‍, പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹനായ ശ്രീജിത് കണ്ടോത്  എന്നിവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) കെ അബ്ദുള്‍ റഷീദ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും രണ്ടാം സമ്മാനമായി 50000 രൂപയും പ്രശസ്തിപത്രവും ഫലകവും, പ്രോത്സാഹന സമ്മാനമായി 5000 രൂപയും  പ്രശസ്തിപത്രവുമാണ് വിജയികള്‍ക്ക് നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഴിവ് 2021 സംഘടിപ്പിച്ചത്. ‘കേരളത്തില്‍ നിങ്ങള്‍ കണ്ട വികസന കാഴ്ച’ എന്ന വിഷയത്തില്‍ കഴിഞ്ഞ ജനുവരിയിലായിരുന്നു മത്സരം. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതുമായ 186 വീഡിയോകളാണ് മത്സരത്തിനായി ലഭിച്ചത്. വിപിന്‍ മോഹന്‍  ചെയര്‍മാനായും, വിധു വിന്‍സന്റ്്, സജീവ് പാഴൂര്‍, സജിന്‍ ബാബു, രാജലക്ഷ്മി എന്നിവര്‍ അംഗങ്ങളായുമുള്ള ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

ചടങ്ങില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി വേണുഗോപാല്‍, കോ-ഓര്‍ഡിനേറ്റിങ്ങ് ന്യൂസ് എഡിറ്റര്‍ കിരണ്‍ റാം, മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുള്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു.