എറണാകുളം: നാഷണൽ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ യോഗം ചേർന്നു. എൻ.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട് ആലങ്ങാട് വില്ലേജിലെ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച വിവരങ്ങൾ, തൃപ്പൂണിത്തുറ ബൈപ്പാസ്, അങ്കമാലി കുണ്ടന്നൂർ ബൈപ്പാസ് എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു..
ആലങ്ങാട് വില്ലേജിൽ മേസ്തിരിപ്പടി ജംഗ്‌ഷൻ മുതൽ ബിലീവേഴ്സ് ചർച്ച് വരെ ഏകദേശം 27500 ചതുരശ്ര അടി കെട്ടിടങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനില്ക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് സർക്കാർ ഏറ്റെടുത്ത അഞ്ചര ഏക്കർ സ്ഥലം ഒഴിവാക്കി വീണ്ടും സ്ഥലം ഏറ്റെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഒരാഴ്ച്ചയ്ക്കകം തീരുമാനമുണ്ടാക്കണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്കും ലാൻഡ് അക്വിസിഷൻ യോഗത്തിൽ നിർദേശം നൽകി.
ഭാരത മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കൊച്ചി-മൂന്നാർ-തേനി റോഡ് പദ്ധതിയിലാണ് തൃപ്പൂണിത്തുറ ബൈപ്പാസ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിനായി എറണാകുളം ജില്ലയിലെ ലാൻഡ് അക്വിസിഷൻ ഓഫീസറെ ചുമതലപ്പെടുത്തി. പദ്ധതി സംബന്ധിച്ച് ത്രീ എ നോട്ടിഫിക്കേഷൻ തന്നെ നാഷണൽ ഹൈവേ അതോറിറ്റി പുറപ്പെടുവിച്ചു.. ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള 3 എ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് വരികയാണ്. നടപടികൾ ദ്രുതഗതിയിലാക്കാൻ ഹൈബി ഈഡൻ എം.പി നിർദേശം നല്കി.
അങ്കമാലി കുണ്ടന്നൂർ സ്മാന്തര പാത സംബന്ധിച്ചും ചർച്ചകൾ നടന്നു. ഇത് സംബന്ധിച്ച് ഫീൽഡ് സർവ്വേകൾ നടന്നു വരികയാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ അറിയിച്ചു. 44.70 കിലോമീറ്റർ വീതിയാണ് നിർദ്ധിഷ്ട ബൈപ്പാസിനുള്ളത്. ഏകദേശം 219 ഹെക്ടർ സ്ഥലമാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ടി വരിക. 45 മീറ്റർ വീതിയിലാണ് ബൈപ്പാസ് നിർമ്മിക്കുക. 8 കിലോമീറ്റർ ദൂരത്തിൽ എലിവേറ്റഡ് ഹൈവേയും പരിഗണനയിലുണ്ട്.
2022 മാർച്ചോടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ പ്രെസന്റേഷൻ നാഷണൽ ഹൈവേ അതോറിറ്റി പാലക്കാട് പ്രൊജക്ട് ഡയറക്ടർ സഞ്ജയ് കുമാർ യാദവ് അവതരിപ്പിച്ചു. ഹൈബി ഈഡൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നാഷണൽ ഹൈവേ അതോറിറ്റി കൊച്ചി പ്രൊജക്ട് ഡയറക്ടർ ജെ ബാലചന്ദർ, പാലക്കാട് പ്രൊജക്ട് ഡയറക്ടർ സഞ്ജയ് കുമാർ യാദവ്, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ ലാൽ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ -നാഷണൽ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗം.